ന്യൂയോർക്ക്: ലോകമെമ്പാടും കൊറാേണ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വ്യാപാരത്തിന് ഡിമാന്റ് കൂടുന്നു. ആളുകൾ വീടുകളിലും മറ്റും ഒതുങ്ങി കൂടുന്നതുകൊണ്ട് തന്നെയാണ് ഓൺലൈൻ വ്യാപാരം പൊടിപൊടിക്കുന്നത്. അതുകൊണ്ട് തന്നെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ ഓൺലൈൻ കമ്പനികൾക്ക് വേണ്ടത്ര ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധി മറികടക്കാൻ ആമസോൺ ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് പുതിയതായി തേടുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ അവശ്യ സാധനങ്ങൾ ഉൾപ്പടെ എല്ലാം വാങ്ങി മുൻകരുതൽ എന്ന നിലയിൽ സൂക്ഷിക്കുകയാണ്. ജീവനക്കാരെ ലഭിക്കാനായി ശമ്പളവും കൂട്ടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ആമസോൺ.
കൊറോണ ബാധയെത്തുടർന്ന് നേരത്തെ തന്നെ ആമസോണിൽ നിന്ന് അനവധി ജീവനക്കാർ പിരിഞ്ഞുപോയിരുന്നു. പ്രതിസന്ധിയിൽ നിൽക്കുന്ന കമ്പനിക്ക് കൂടിയ ശമ്പളം നൽകി പുതിയ ആളുകളെ ആകർഷിക്കുക എന്ന വഴി മാത്രമേ മുന്നിലുള്ളു. ലോകമെമ്പാടും ആമസോണിനെപ്പോലെതന്നെ എല്ലാ കമ്പനികളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.