മസ്കറ്റ്: ഭർത്താവിന്റെ മൃതദേഹവും താൻ സഞ്ചരിക്കുന്ന വിമാനത്തിലുണ്ടെന്നറിയാതെ ഷിഫാന മസ്കറ്റിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലെത്തി. ആറ് മാസം മുമ്പായിരുന്നു ഷിഫാനയും കണ്ണൂർ ചുഴലി കുന്നുംപുറത്ത് പുതിയപുരയിൽ മുഹമ്മദ് സഹീറുമായുള്ള വിവാഹം. വിവാഹശേഷം പ്രവാസിയായ ഭർത്താവിനൊപ്പം മസ്കറ്റിലേക്ക് പോയി.
ഫുട്ബോൾ കളിക്കാൻ പോയ സഹീർ ഹൃദയാഘാതത്തെതുടർന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാൽ മൂന്ന് മാസം ഗർഭിണിയായ ഷിഫാനയോട് സുഹൃത്തുക്കൾ പറഞ്ഞത് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ സഹീർ ആശുപത്രിയിൽ കഴിയുകയാണെന്നാണ്. അതിനാൽ ഒറ്റയ്ക്ക് നിൽക്കേണ്ടെന്നും നാട്ടിൽ പോകണമെന്നും അവർ നിർബന്ധിച്ചതോടെയാണ് യുവതി മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കയറിയത്.
സഹീറിന്റെ സുഹൃത്തുക്കൾ തന്നെയാണ് ടിക്കറ്റെടുത്ത് കൊടുത്തത്. ഇതേവിമാനത്തിൽ തന്നെ ഷിഫാന അറിയാതെ സഹീറിന്റെ മൃതദേഹം അടങ്ങിയപെട്ടി കയറ്റി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തുംവരെ ബന്ധുക്കളും യുവാവിന്റെ മരണ വിവരം യുവതിയോട് പറഞ്ഞിരുന്നില്ല.