travel

തിരുവനന്തപുരം: കൊറോണയുടെ ഭാഗമായ കടുത്ത നിയന്ത്രണത്തിൽ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ 200 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് നീണ്ടുപോയേക്കാം. ഈ കണക്കിൽ സെപ്തംബർ വരെയുള്ള ടൂറിസം സീസൺ കണക്കാക്കിയാൽ കുറഞ്ഞത് 500 കോടിയുടെ നഷ്ടമെങ്കിലും ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് ആശങ്ക.

കോവളവും വാഗമണും മൂന്നാറും അടക്കമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചതോടെ ഹോംസ്റ്റേകളും ഹോട്ടലുകളും ആശ്രയിച്ച് കഴിയുന്നവരുടെ സ്ഥിതിയും പരിതാപകരമായി. ഏപ്രിൽ 15 വരെ വിസാ നിയന്ത്രണം നിലനിൽക്കുന്നതിനാൽ വിദേശ സഞ്ചാരികളാരും ഇങ്ങോട്ടേക്ക് എത്തില്ല. കൊറോണ ഭീതിയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിലും വലിയ കുറവാണ് സംസ്ഥാനത്തുണ്ടായത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകൾക്കടക്കം കനത്ത നഷ്ടമാണ്. പലരും ആളില്ലാത്തതിനാൽ പൂട്ടിക്കഴിഞ്ഞു. ഹോട്ടൽ മേഖലയെ ആശ്രയിച്ച് കഴിയുന്ന പല ജീവനക്കാരുടെയും ജോലിയും നഷ്‌ടമായി.

കായൽ ടൂറിസം തക‌ർന്നു

കൊറോണ നിയന്ത്രണത്തിൽ സഞ്ചാരികൾ ആരും കുട്ടനാടൻ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്താതത് കായൽ ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി. കേരളത്തിലെ ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലകളിലൊന്നാണിത്. കൊറോണ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സമയം മുതൽ ഇതുവരെ ഏകദേശം നാല് കോടിയോളം രൂപയുടെ നഷ്ടമാണ് കായൽ ടൂറിസം മേഖലയിലുണ്ടായത്. കൊറോണ ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ഈ മേഖലയിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കരകയറാൻ സമയമേറെയെടുക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു. 4100 ജീവനക്കാരാണ് കായൽ ടൂറിസം മേഖലയിൽ ഉപജീവനം നടത്തുന്നത്. ഹൗസ് ബോട്ട് വ്യവസായം നിശ്ചലമായതോടെ തൊഴിലില്ലായ്‌മയും രൂക്ഷമാണ്.

''ടൂറിസം മേഖലയ്ക്ക് നഷ്‌ടം സംഭവിച്ചുവെന്നത് വാസ്‌തവമാണ്. കനത്ത തിരിച്ചടിയാണ് ടൂറിസം വകുപ്പ് നേരിട്ട് കൊണ്ടിരിക്കുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. വരും നാളുകളിൽ കഠിന പ്രയത്നത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുള്ളൂ.

കടകംപള്ളി സുരേന്ദ്രൻ,

ടൂറിസം വകുപ്പ് മന്ത്രി