കൊല്ലം: രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പാരിപ്പള്ളിയിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടർന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 24 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ 270 പേരാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, തിരുവനന്തപുരത്ത് വർക്കലയിലെ ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പ് ഇതുവരെ പൂർണമായിട്ടില്ല. ആരോഗ്യ വകുപ്പിന് കൂടുതൽ ആശങ്കയുള്ളതും ഇറ്റാലിയൻ സ്വദേശിയുമായി ഇടപഴകിയവരെ സംബന്ധിച്ചാണ്. അതേസമയം ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിലെ ഡോക്ടർമാരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച രണ്ടുപേരുടെയും കാസർകോട് ജില്ലയിലെ ഒരാളുടെയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കൺട്രോൾ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന ജീവനക്കാരിൽ 6 പേരെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് സ്രവ പരിശോധന നടത്തി. ഇടുക്കി ജില്ലയിലാകെ 840 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതിൽ 75 പേരുടേത് ഹൈറിസ്‌ക് കേസുകളാണ്. ബ്രിട്ടീഷ് പൗരൻ താമസിച്ച ടീ കൗണ്ടി ഹോട്ടലിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതിൽ പനി ബാധിച്ച ആറ് പേരെ ആരോഗ്യവകുപ്പ് സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിൽ കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാണ്.
21 പേരാണ് കൊറോണ ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ പത്തനംതിട്ടയിലേക്ക് എത്തുന്ന സാഹചര്യത്തിൽ താഴെത്തട്ടിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.ഒരാഴ്ചയിലധികം നിലവിലുള്ള രീതിയിൽ ട്രാക്കിംഗ് സംവിധാനം പ്രവർത്തിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
ശ്രീചിത്രയിൽ നിയന്ത്രണം
ഡോക്‌ടർമാർ കൂട്ടത്തോടെ നിരീക്ഷണത്തിലായതോടെ ശ്രീചിത്ര ആശുപത്രിയുടെ പ്രവർത്തനത്തിൽ ആശങ്ക. ആർ.സി.സിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്‌ടർ സമ്പർക്കം പുലർത്തിയ ഡോക്‌ടർമാരെയും ആശുപത്രി ജീവനക്കാരെയും ഏതാനും രോഗികളെയുമാണ് ഇതിനകം കണ്ടത്തി നിരീക്ഷണത്തിലാക്കിയത്. വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്‌ത നൂറ്റിയമ്പതിലേറെപ്പേരെ ഇനി തിരിച്ചറിയണം. 12 ദിവസത്തോളം ഡോക്ടർ സഞ്ചരിച്ച ഇടങ്ങളും കണ്ടെത്തണം. ഇത് ശ്രമകരമായതിനാലാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാൻ വൈകുന്നത്.
ആർ.സി.സിയിലും സന്ദർശക നിയന്ത്രണത്തിനൊപ്പം ചൊവ്വ , വ്യാഴം ദിവസങ്ങളിലെ കമ്മ്യൂണിറ്റി ഓങ്കോളജി ഒ.പി തത്കാലത്തേക്ക് നിർത്തി. വർക്കലയിലെ അവസ്ഥയെ ഗൗരവം എന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇറ്റാലിയൻ പൗരന്റെ സമ്പർക്ക വലയം പൂർണമായി കണ്ടെത്തുക പ്രയാസമാണ്. അതിനാൽ നിലവിൽ കണ്ടെത്തി സാമ്പിൾ ശേഖരിച്ച മുപ്പത് പേരുടെ ഫലം എന്താണന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അത് പോസിറ്റീവാണങ്കിൽ മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം തുടരും.
ടീ കൗണ്ടിയിൽ കർശന പരിശോധന
കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച മൂന്നാർ ടീ കൗണ്ടിയിലെ ജീവനക്കാർ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. നിലവിൽ റിസോർട്ട് പൊലീസ് കാവലിലാണ്. റിസോർട്ടിന് 500 മീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചു. വിദേശിയുമായി തങ്ങൾ കൂടുതൽ സമ്പർക്കം പുലർത്തിയതായും കൈ കൊടുത്തതായും ഭക്ഷണം വിളമ്പിയതായും വെളിപ്പെടുത്തിയ ജീവനക്കാരെ ആരോഗ്യവകുപ്പ് ആംബുലൻസുകളിൽ കോട്ടയത്തെത്തിച്ച് സ്രവ പരിശോധന നടത്തി.
കൊറോണ പശ്‌ചാത്തലത്തിൽ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിയ വിദേശ സഞ്ചാരികൾ താമസിക്കാൻ മുറിയും ഭക്ഷണവും പോലും ലഭിക്കാതെ വലയുകയാണ്. പലയിടത്തും വിദേശികളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ജില്ലയിൽ ഇത്തരത്തിൽ സംശയാസ്പദമായി എത്തുന്നവരെ കെ.ടി.ഡി.സിയുടെ ഹോട്ടലിൽ താമസിപ്പിച്ച് നിരീക്ഷിക്കാനാണ് തീരുമാനം.