കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയും മുൻകരുതലുമാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ക്യാമ്പെയിനുകളും നിർദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്നുമുണ്ട്. ഈ വിഷയങ്ങൾക്കിടെ തനിക്ക് ഇറ്റലിയിൽ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് ഒരു ഫോൺകോൾ വന്നകാര്യം വെളിപ്പെടുത്തുകയാണ് ആരോഗ്യമന്ത്രി. കൗമുദി ടി.വിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
"ഇറ്റലിയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ വിളിച്ചിരുന്നു. ടീച്ചർ ഞാൻ ഇറ്റലിയിലാണ്. അപ്പോൾ ഞാൻ ചോദിച്ചു, റെയിൽവേ സ്റ്റേഷനിലാണോ -എയർപോർട്ടിലാണോ ഉള്ളത് എന്ന്. അതല്ല ഞാൻ ഇക്കാര്യം പറയാനാണ് വിളിക്കുന്നതെന്നായിരുന്നു മറുപടി. ഞാൻ ഇവിടെ ചെറിയൊരു ജോലി ചെയ്യുകയാണ്. എന്റെ സ്ഥാപനത്തിന്റ ഓണർ കൊറോണ പടരുന്ന സാഹചര്യത്തിൽ ഇവിടെ നിൽക്കാൻ പറഞ്ഞു. ഡോക്ടറെയൊക്കെ ഏർപ്പെടുത്തിയിട്ടുണ്ട്. നല്ല പരിശോധനയൊക്കെയാണ്. ക്വാറന്റെെനിലാണ് ഇപ്പോൾ. എന്റെ പ്രായമായ അച്ഛനും അമ്മയും നാട്ടിലുണ്ട്. അവിടെ വന്നാൽ അവർ റിസ്കിലാവും. യാത്രയിൽ ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കണം.
ഇപ്പോൾ എനിക്ക് കൊറോണയൊന്നും ഇല്ല. ഞാൻ പറഞ്ഞു വളരെ നന്നായി ആ തീരുമാനമെന്ന്. ഭക്ഷണമെല്ലാം തീർന്നുപോകുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. രണ്ടോ മൂന്നോ മാസത്തേക്കുള്ള ഭക്ഷണം കരുതി വയ്ക്കണം എന്ന് പറഞ്ഞു. അപ്പോൾ ഓണർ കുറച്ചുമാസത്തേക്കുള്ള ഭക്ഷണം കരുതിവച്ചിട്ടുണ്ടെന്ന് ചെറുപ്പക്കാരൻ മറുപടി നൽകി. കേരളത്തിൽ നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ ഇവിടെയിരുന്ന് കാണുകയാണ്. അഭിനന്ദനങ്ങൾ, എന്നൊക്കെ ആ കുട്ടി പറഞ്ഞു"-ആരോഗ്യമന്ത്രി വെളിപ്പെടുത്തുന്നു.