പാരീസ്: കൊറോണ വൈറസിനെതിരെ യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. ഇറ്റലി, സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് ഫ്രാൻസും കർശനമായി വിലക്കി. സ്‌കൂളുകൾ, കഫേ, അവശ്യ സർവീസ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം ഫ്രാൻസിൽ അടച്ചു. ഇന്നലെ മുതൽ 15 ദിവസത്തേക്ക് വിദേശികൾക്ക് ഫ്രാൻസിലേക്കുള്ള പ്രവേശനം വിലക്കി. അതിർത്തികൾ അടയ്ക്കും. രോഗികളെ ആശുപത്രികളിലേക്കെത്തിക്കാൻ സൈന്യം സഹായിക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും ഇതിനായി ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും പ്രസിഡന്റ് മാക്രോൺ അറിയിച്ചു.ഉത്തരവ് ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോൺ പ്രഖ്യാപിച്ചു.
ജർമനിയിൽ ഉല്ലാസവ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടച്ചു. മതപതമായ ചടങ്ങുകൾ നി
റുത്തലാക്കാനും ജനങ്ങളോട് രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകൾ ഒഴിവാക്കാനും ജർമൻ ഭരണകൂടം ആവശ്യപ്പെട്ടു.
പരസ്പര സമ്പർക്കം ഒഴിവാക്കണമെന്ന് ബ്രിട്ടൻ ജനങ്ങളോട് നിർദേശിച്ചു. അത്യാവശ്യക്കാരല്ലാത്ത യാതക്കാർക്ക് യൂറോപ്യൻ യൂണിയനും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.
കൊറോണയെ കൂടുതൽ പേരിലേക്ക് പടരുന്ന അപകടകരമായ സാഹചര്യം കണക്കിലെടുത്ത് സ്വിറ്റ്സർലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയ, ഇറാൻ, യുഎസ് എന്നീ രാജ്യങ്ങളും ജനങ്ങൾ ഒത്തുചേരുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌പെയിനിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഗവൺമെന്റ് ഏറ്റെടുത്ത് ദേശസാത്കരിച്ചു. കൊറോണ വൈറസ് വ്യാപകമായി പടരുകയും മരണം 350കടക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. നാഷണൽ ഹെൽത്ത് സർവീസിനെ സഹായിക്കാൻ രാജ്യത്തെ എല്ലാ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികളോടും ആവശ്യപ്പെട്ടു. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ചൈനയും ഇറ്റലിയും ഇറാനും കഴിഞ്ഞാൽ ഏറ്റവുമധികം മരണമുണ്ടായിരിക്കുന്നത് സ്‌പെയിനിലാണ്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. പൗരന്മാരുടെ നീക്കങ്ങൾ അധികൃതർ ഡ്രോൺ കാമറളിലൂടെ നിരീക്ഷിക്കുന്നുണ്ട്.
ഗ്രീസ്, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, ജോർജ്ജിയ, സെർബിയ, ഉക്രൈൻ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കി.
നേരത്തെ കൊറോണ കാര്യമായി ബാധിക്കാതിരുന്ന ആഫ്രിക്കയിലും സ്ഥിതിഗതികൾ വഷളായി തുടങ്ങി. 26 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇറ്റലിയിൽ മരുന്നുകൾക്ക് കടുത്തക്ഷാമം നേരിടുന്നു. ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രക്ഷപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറി. ഇതോടെ പ്രായമായവർ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയിൽ.