പവന് ഇന്നലെ ₹1,000 കുറഞ്ഞു
കൊച്ചി: ആഭരണ പ്രിയർക്ക് വലിയ ആശ്വാസം സമ്മാനിച്ച് സ്വർണവില ഇന്നലെ പവന് ആയിരം രൂപ ഇടിഞ്ഞു. 29,600 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 125 രൂപ താഴ്‌ന്ന് വില 3,700 രൂപയായി. കഴിഞ്ഞ ജനുവരി 22ന് ശേഷം കുറിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. അന്നും പവന് വില 29,600 രൂപയായിരുന്നു. ഈമാസം ആറിന് വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയിരുന്നു. അന്ന് പവന് 32,320 രൂപയും ഗ്രാമിന് 4,040 രൂപയുമായിരുന്നു വില.
ഓഹരി വിപണിയിലെ നഷ്‌ടം നികത്താനായി, സ്വർണവില ഉയർന്ന് നിന്നപ്പോഴുള്ള വില പ്രയോജനപ്പെടുത്തി നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പിന് മുതിർന്നതാണ് ഇപ്പോൾ വില താഴാൻ കാരണം. കഴിഞ്ഞമാസം സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് ഏഴു വർഷത്തെ ഉയരമായ 1,700 ഡോളറിൽ എത്തിയിരുന്നു. തുടർന്ന്, ലാഭമെടുപ്പ് ശക്തമായതോടെ വില ഇടിഞ്ഞു. ഇന്നലെ വില 1,483 ഡോളറാണ്. ഇന്നലെ മാത്രം 15 ഡോളറോളം വിലയിടിഞ്ഞു.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ഇന്നലെ ഒരുവേള 74ൽ നിന്ന് 73 നിലവാരത്തിലേക്ക് താഴ്‌ന്നതും സ്വർണവില കുറയാൻ സഹായിച്ചു. കൊറോണ ഭീതിമൂലം അന്താരാഷ്‌ട്ര തലത്തിൽ പണമിടപാടുകൾ നിർജീവമായതും സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞതും വിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാടാനാണ് സാദ്ധ്യത.