ബംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദിയിൽ നിന്ന് തിരിച്ചെത്തിയ 76കാരൻ കഴിഞ്ഞ 12നാണ് ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷമാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണമായിരുന്നു.
തുടർന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കുംടുംബവും വീട്ടിൽ ഐസൊലേഷനിലായി. ഇന്നലെ പരിശോധനാഫലം പോസിറ്റീവായതോടെ ഡോക്ടറെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി. ശരത് വ്യക്തമാക്കി.
അടുത്തിടെ ബ്രിട്ടൻ സന്ദർശിച്ച് മടങ്ങിയ 20കാരിക്കും വൈറസ് സ്ഥിരീകരിച്ചതോടെ കർണാകത്തിലെ ആകെ കൊറോണ രോഗികളുടെ എണ്ണം പത്തായി.
കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മാൾ, തീയേറ്റർ, സ്‌പോർട്സ് സ്‌റ്റേഡിയം, പാർക്ക് എന്നിവയെല്ലാം സർക്കാർ അടച്ചിരുന്നു.