നിഫ്‌റ്റി 9,000ന് താഴെ; മൂന്നുവർഷത്തെ താഴ്‌ച
കൊച്ചി: കൊറോണ ഭീതിമൂലം നിക്ഷേപകർ കൂടൊഴിയുന്നതിനാൽ ഓഹരി വിപണികളുടെ കഷ്‌ടകാലം തുടരുന്നു. ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് സെൻസെക്‌സ് ഇന്നലെ 810 പോയിന്റിടിഞ്ഞ് 30,579ലും നിഫ്‌റ്റി 230 പോയിന്റിടിഞ്ഞ് മൂന്നുവർഷത്തെ താഴ്‌ചയായ 8,967ലുമെത്തി. രണ്ടര വർഷത്തെ താഴ്‌ചയിലാണ് സെൻസെക്‌സ്. ഇന്നലെ മാത്രം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 2.11 ലക്ഷം കോടി രൂപയാണ്. കൊറോണ ഭീതിമൂലം 2020ൽ ഇതുവരെ സെൻസെക്‌സിന്റെ നഷ്‌ടം 41.05 ലക്ഷം കോടി രൂപ.
ജനുവരിയുടെ പാതിയിൽ സെൻസെക്‌സിന്റെ മൂല്യം 160 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിരുന്നു. ഇന്നലെയത്, 119.52 ലക്ഷം കോടി രൂപയിലെത്തി. ആഗോള ഓഹരി വിപണികളുടെ തകർച്ചയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. നിക്ഷേപകർ കൈവശമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞ് പോകുന്നു. അമേരിക്കൻ ഓഹരി സൂചികയായ ഡൗൺ ജോൺസ് കഴിഞ്ഞ ദിവസം 2998.9 പോയിന്റുകൾ (12.93 ശതമാനം) ഇടിഞ്ഞത് ആഗോളതലത്തിൽ നിക്ഷേപകരെ പ്രതിസന്ധിയിലാക്കി. 1,981ന് ശേഷം ഡൗജോൺസ് കുറിക്കുന്ന ഏറ്രവും വലിയ തകർച്ചയാണിത്.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ പൂജ്യം ശതമാനത്തിലേക്ക് താഴ്‌ത്തിയെങ്കിലും നിക്ഷേപകരുടെ കൊറോണ ഭീതി അകറ്റാൻ പര്യാപ്‌തമായില്ല എന്നതാണ് ഇടിവിലേക്ക് നയിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഇന്ത്യയിൽ ഇന്നലെ കനത്ത നഷ്‌ടം നേരിട്ട ഓഹരികൾ. വ്യാപാരത്തിന്റെ തുടക്കത്തിൽ 800 പോയിന്റോളം നേട്ടമുണ്ടാക്കിയ ശേഷമാണ് സെൻസെക്‌സ് ഇന്നലെ തകർന്നത്. നിഫ്‌റ്രിയും 200 പോയിന്റിനുമേൽ മുന്നേറിയിരുന്നു.
യെസിന് നേട്ടം
1000%
കഴിഞ്ഞ ഏഴ് വ്യാപാര സെഷനുകളിലായി യെസ് ബാങ്ക് കൊയ്‌ത നേട്ടം 1000 ശതമാനമാണ്. ഇന്നലെ മാത്രം ഓഹരിവില 58.09 ശതമാനം ഉയർന്നു. എസ്.ബി.ഐയുടെ നേതൃത്വത്തിൽ രക്ഷാപാക്കേജ് സജ്ജമായതാണ് യെസ് ബാങ്കോഹരികൾക്ക് നേട്ടമാകുന്നത്. 58.65 രൂപയാണ് ഇപ്പോൾ യെസ് ബാങ്ക് ഓഹരിവില.
ചാഞ്ചാടിയാടി
ഇന്ത്യൻ റുപ്പി
ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ ചാഞ്ചാട്ടം ഇന്നലെയും തുടർന്നു. ഇന്നലെ രണ്ടുപൈസയുടെ നേട്ടമുണ്ടാക്കിയ രൂപ, 74.25ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിയുന്നത് രൂപയെ തളർത്തുന്നുണ്ട്. തിങ്കളാഴ്‌ച മാത്രം 3,800 കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.