ബംഗളൂരു: 'ഞങ്ങളെ ആരും ബന്ദികളാക്കിയിട്ടില്ല. ഞങ്ങൾ സ്വതന്ത്രരാണ്."- മദ്ധ്യപ്രദേശിൽ കോൺഗ്രസ് വിട്ട 22 വിമത എം.എൽ.എമാർ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യയോടുള്ള കൂറ് എല്ലാവരും പ്രകടമാക്കി.
'ആരും ഞങ്ങളെ ബംഗളൂരുവിൽ ബന്ദികളാക്കിയിട്ടില്ല. മദ്ധ്യപ്രദേശിൽ സുരക്ഷിതത്വമില്ലാത്തതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ തങ്ങുന്നത്.'- രാജിക്കത്ത് വെളിപ്പെടുത്തി എം.എൽ.എമാർ പറഞ്ഞു.
കമൽനാഥ് സർക്കാരിനോടുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച അവർ, മണ്ഡലവികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 15 മിനിറ്റ് സമയം പോലും അദ്ദേഹം ഇതേവരെ അനുവദിച്ചിട്ടില്ലെന്നും പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹമാണ് ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചതെന്നും ഒപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി.