rbi

ന്യൂഡൽഹി: പലിശ നിരക്കിൽ ഇളവു വരുത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം ധനനയ സമിതിയുടെ ദ്വൈമാസ യോഗമാണ് കൈക്കൊള്ളേണ്ടതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊറോണ വ്യാപനവും ക്രൂഡോയിൽ വില തകർച്ചയും ഓഹരിവിപണിയിലെ തിരിച്ചടിയും കൊണ്ട് ഉണ്ടായ സാമ്പത്തിക മാന്ദ്യം അതിജീവിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്ന പ്രഖ്യാപനം ഇന്നലെ ഉണ്ടായേക്കുമെന്നായിരുന്നു സാമ്പത്തികലോകത്തിന്റെ പ്രതീക്ഷ.

സാഹചര്യങ്ങൾക്കനുസരിച്ചുള്ള നയങ്ങൾ റിസർവ് ബാങ്ക് സ്വീകരിക്കും. അത് എല്ലാ വശങ്ങളും പരിശോധിച്ചാകും. തീരുമാനം നേരത്തെയോ വൈകിയോ ആവില്ലെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

രൂപയുടെ മൂല്യതകർച്ചയെ തുടർന്ന് റിസർവ് ബാങ്ക് വിപണിയിലേക്കെത്തിച്ച 200 കോടി ഡോളർ വിദേശ നാണ്യ ഇടപാട് ഗുണം ചെയ്തതിനാൽ വീണ്ടും ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


യെസ് ബാങ്ക് മൊറട്ടോറിയം 18 വരെ

പ്രതിസന്ധിയിലായ യെസ് ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മാർച്ച് 18ന് അവസാനിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ബാങ്കിന് ഫണ്ട് അപര്യാപ്തതയില്ല. പുനരുദ്ധാരണ പദ്ധതികൾ ശുഭകരമാണ്. ബാങ്കിനെ സ്വകാര്യമേഖലയിൽ തന്നെ നിലനിറുത്തും. പുതിയ ഭരണ സമിതിയും ഉടനെ ചുമതലയേൽക്കും.