ന്യൂഡൽഹി: ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ കൊറോണ(കോവിഡ് 19) രോഗം പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ നടത്തുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചുമായി(ഐ.സി.എം.ആർ) നടന്ന ഒരു ചർച്ചയിൽ പങ്കെടുത്ത ശേഷം ഡബ്‌ള്യു.എച്ച്.ഒയുടെ ഇന്ത്യൻ പ്രതിനിധിയായ ഹെങ്ക് ബെക്കദാം ആണ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
'രോഗപ്രതിരോധത്തിനോടുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതിജ്ഞാബദ്ധത അങ്ങേയറ്റം പ്രശംസനീയമാണ്. മുകൾത്തട്ടിൽ നിന്നുതന്നെ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളോടെ നടത്തപ്പെടുന്ന ഈ പ്രവർത്തനങ്ങൾ വളരെ വിപുലവും പ്രശംസ അർഹിക്കുന്നതുമാണ്. ഇന്ത്യ ഈ മേഖലയിൽ വളരെ മികച്ച രീതിയിൽ മുന്നേറുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണ്. രോഗപ്രതിരോധത്തിനായി എല്ലാവരും കർമ്മനിരതരാകുന്നത് എന്നിൽ മതിപ്പുളവാക്കുന്നു.' ബെക്കദാം പറഞ്ഞു.
ഇന്ത്യയിൽ തങ്ങൾക്ക് വളരെ മികച്ച ഗവേഷണ സൗകര്യങ്ങളാണ് ഉള്ളതെന്നും ആരോഗ്യ ഗവേഷണ വകുപ്പിലും ഐ.സി.എം.ആറിലും അത് അങ്ങേയറ്റം മികവ് പുലർത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്ഥാപനങ്ങളിലെ വിദഗ്ദർ രോഗത്തിന് കാരണമായ വൈറസിനെ ഐസൊലേറ്റ് ചെയ്തുവെന്നും ഇന്ത്യ ഗവേഷണ സമൂഹത്തിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന്റെ ഒരു പുതിയ ഗണത്തെ തങ്ങൾക്ക് ഐസൊലേറ്റ് ചെയ്യാൻ കഴിഞ്ഞുവെന്ന് ഐ.സി.എം.ആർ ശാസ്ത്രജ്ഞർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് രോഗത്തിനെതിരെ വാക്സിനും മരുന്നുകളും കണ്ടുപിടിക്കാൻ അങ്ങേയറ്റം സഹായകമാകും. രാജ്യത്ത് നിലവിൽ 137 ആൾക്കാരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ മൂന്ന് പേർ രോഗം മൂലം മരണമടയുകയും ചെയ്തിരുന്നു.