damodaran-swamy

പത്തനംതിട്ട: ശബരിമല നട തുറക്കാത്ത വേളകളിൽ സന്നിധാനത്തും പമ്പയിലും ആശുപത്രികൾ പ്രവർത്തിക്കാത്തത് കാരണം ഒന്നര മാസത്തിനുള്ളിൽ ചികിത്സ ലഭിക്കാതെ മരിച്ചത് മൂന്നുപേർ. തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും മലകയറ്റത്തിനിടെ കുഴഞ്ഞു വീഴുന്ന അയ്യപ്പ ഭക്തരെ സ്ട്രക്ചറിൽ പമ്പ, സന്നിധാനം ആശുപത്രികളിലെത്തിച്ചിരുന്ന തഞ്ചാവൂർ ദാമോദരൻ ഇക്കഴിഞ്ഞ 12ന് സന്നിധാനത്തെ അയ്യപ്പസേവാസംഘം ഒാഫീസിൽ കുഴഞ്ഞു വീണു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ നിലയ്ക്കലിന് സമീപംവച്ചു ഹൃദയാഘാതം വന്ന് മരണം സംഭവിച്ചു. സന്നിധാനത്തെ ആശുപത്രി പ്രവർത്തിക്കാത്തതിനാൽ, പ്രഥമ ചികിത്സയായ സി.പി.ആർ (കാർഡിയോ പൾമണറി റെസിസിറ്റേഷൻ) ദാമോദരന് ലഭിച്ചില്ല. 32വർഷമായി ശബരിമലയിൽ അയ്യപ്പ സേവാ സംഘത്തിന്റെ വോളന്റിയറായിരുന്നു തഞ്ചാവൂർ സ്വാമി എന്ന ദാമോദരൻ.

കഴിഞ്ഞ മാസം 28ന് വായിലൂടെ രക്തം വാർന്ന നിലയിൽ പമ്പയിൽ കണ്ടെത്തിയ ഡോളി ചുമട്ടു തൊഴിലാളി സജീവിന്റെ മരണം സ്ഥിരീകരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. ഫെബ്രുവരി രണ്ടിന് കുഴഞ്ഞു വീണ തൊഴിലാളി പന്തളം സ്വദേശി കൃഷ്ണപിള്ളയും പത്തനംതിട്ടയിലേക്കുളള യാത്രയ്ക്കിടെ മരിച്ചു.

മേൽശാന്തിമാരും ദേവസ്വം ജീവനക്കാരും പൊലീസും ഉൾപ്പെടെ മുന്നൂറോളംപേർ നട തുറക്കാത്ത ദിവസങ്ങളിലും ശബരിമലയിലും പമ്പയിലുമായി ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് പ്രഥമ ശുശ്രൂഷയ്ക്ക് പോലും സൗകര്യമില്ല. അടിയന്തര ചികിത്സ വേണ്ടിവന്നാൽ 70 കിലോമീറ്റർ അകലെയുളള പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തണം.

പാഴ്‌വാക്കായ മന്ത്രിയുടെ ഉറപ്പ്

ഒരു ദിവസ വേതനക്കാരനും എക്സൈസ് ഇൻസ്പെക്ടറും 2008ൽ ശബരിമലയിൽ കുഴഞ്ഞു വീണ് മരിച്ചതിനെ തുടർന്ന് സന്നിധാനത്തും പമ്പയിലും സ്ഥിരം ഡോക്ടർമാരെയും പുരുഷ നഴ്സുമാരെയും നിയമിക്കുമെന്ന അന്നത്തെ ദേവസ്വം മന്ത്രി ജി.സുധാകരന്റെ പ്രഖ്യാപനം 12വർഷമായിട്ടും നടപ്പായില്ല.

സ്ഥിരം ആരോഗ്യ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിട്ടും ഫലമുണ്ടായില്ല.

ശബരിമലയിൽ മരിച്ചവർ 1. മാർച്ച് 12: അയ്യപ്പ സേവാ സംഘം വോളന്റിയർ തഞ്ചാവൂർ ദാമോദരൻ. 2. ഫെബ്രുവരി 28: ഡോളി ചുമട്ടുകാരൻ റാന്നി മുക്കാലുമൺ സ്വദേശി സജീവ്. വായിലൂടെ ചോര വാർന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. (കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞു) 3. ഫെബ്രുവരി 2: പമ്പയിലെ തൊഴിലാളി പന്തളം സ്വദേശി കൃഷ്ണപിള്ള

'' പമ്പയിലോ സന്നിധാനത്തോ സ്ഥിരം ഡോക്ടറെ നിയമിക്കണം. മേൽശാന്തിമാരടക്കം സന്നിധാനത്ത് കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യ പരിശോധനയ്ക്കോ അപകടം സംഭവിച്ചാലുള്ള പ്രഥമ ശുശ്രൂഷയ്ക്കോ സംവിധാനങ്ങളില്ല. ഇക്കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടാകണം.

വേലായുധൻ നായർ,

ജനറൽ സെക്രട്ടറി,

അയ്യപ്പ സേവാസംഘം