reshma

കൊൽക്കത്ത:ഇന്ത്യയിലെ ആദ്യ വനിതാ മറൈൻ പൈലറ്റ് രേഷ്‌മ നിലോഫർ നഹയ്ക്ക് കൊറോണ ബാധിച്ചെന്ന സംശയത്തിൽ കൊൽക്കത്തയിലെ ഐ.ഡി ആൻഡ് ബിജി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

അവധി ആഘോഷിക്കാൻ കൊളംബോയിൽ പോയ രേഷ്‌മ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു.

രേഷ്‌മയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ കൊൽക്കത്തയിൽ ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

2019 മാർച്ചിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിൽ നിന്ന് നാരീശക്തി പുരസ്‌കാരം നേടിയിട്ടുള്ള വ്യക്തിയാണ് രേഷ്മ.

 ഹോളിവുഡ് നടി റേച്ചൽ മാത്യൂസിന്‌ കൊറോണ സ്ഥിരീകരിച്ചു. ഒരാഴ്ചയായി ക്വാറന്റൈനിലാണെന്നും ആരോഗ്യം ഭേദമായി വരുന്നെന്നും നടി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ആദ്യ ദിവസം തൊണ്ടവേദനയും തളർച്ചയും തലവേദനയും അനുഭവപ്പെട്ടു. പിന്നീട് ചെറിയ പനിയും ശരീരവേദനയും ശ്വാസതടസവും തോന്നി. തൊട്ടടുത്ത ദിവസങ്ങളിൽ രുചിയില്ലായ്മയും അനുഭവപ്പെട്ടു.'- നടി പോസ്റ്റിൽ പറഞ്ഞു.

 കൊറോണ ബാധിച്ച് ആസ്‌ട്രേലിയയിൽ ചികിത്സയിലായിരുന്ന നടൻ ടോം ഹാങ്ക്സും ഭാര്യയും നടിയുമായ റിത വിൽസണും ആശുപത്രി വിട്ടു.

 ഹോളിവുഡ് നടൻ ഇദ്രിസ് എൽബയ്ക്കും കൊറോണ സ്ഥിരീകരിച്ചു. തനിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും വൈറസ് ബാധിക്കാനുള്ള സാഹചര്യം ഉണ്ടായതിനാലാണ് പരിശോധിച്ചതെന്നും ഇദ്രിസ് എൽബ ട്വീറ്റ് ചെയ്തു.

 ബ്രസീലിലെ 4 ജയിലുകളിൽ നിന്ന് ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചു. സാവോപോളോ സ്റ്റേറ്റ് ജയിലിൽ നിന്ന് ആയിരത്തോളം പേരെ വിട്ടയച്ചതായി അധികൃതർ പറഞ്ഞു.