ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാൻ ചെന്നപ്പോൾ ഉണ്ടായ മോശം അനുഭവം വിവരിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ. വിദേശത്ത് നിന്നും എത്തിയ ഇയാൾക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് കണ്ടാണ് മുൻകരുതലിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടറും സംഘവും ഇയാളെ കാണുന്നതിനായി ഇവരുടെ വീട്ടിലേക്ക് എത്തിയത്.
എന്നാൽ അങ്ങേയറ്റം മോശമായ സമീപനമാണ് ഇവരിൽ നിന്നും ഉണ്ടായതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ പറയുന്നു. വിദേശത്ത് നിന്നും നിരീക്ഷണത്തിലിരിക്കണമെന്ന് പറഞ്ഞപ്പോൾ തങ്ങൾ യു.കെയിൽ നിന്നും കൊറോണ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് നടത്തിയതാണെന്നും 'അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്' എന്നതായിരുന്നു അവരുടെ പ്രതികരണമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ആദ്യത്തെ പരിശോധനയിൽ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരാമെന്നും പിന്നീട് രോഗത്തിന്റെ ലക്ഷണങ്ങൾ വെളിവാകാമെന്നും പറഞ്ഞ് താൻ ഇവരെ അനുനയിപ്പിക്കാൻ ആണ് ശ്രമിച്ചതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി. മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ വീടിന് പുറത്തിറങ്ങാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയതിനാൽ അയൽക്കാരോട് അക്കാര്യം അറിയിച്ചിട്ടാണ് ഹെൽത്ത് ഇൻസ്‌പെക്ടർ മടങ്ങിയത്.
സംശയിച്ചത് പോലെ തന്നെ, ഇവർ കാറിൽ പുറത്തേക്ക് പോയതായി അയൽക്കാർ അധികം താമസിയാതെ അയൽക്കാർ ഹെൽത്ത് ഇൻപെക്ടറെ വിളിച്ചറിയിച്ചു. തുടർന്ന് ഇദ്ദേഹം ഉടൻ തന്നെ യു.കെ ക്കാരന്റെ അച്ഛനുമായി ഫോണിൽ സംസാരിക്കുകയും ഉടൻ തിരിച്ചെത്തണമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ ഇവർ അതിന് കൂട്ടാക്കാതെയിരുന്നപ്പോൾ യു.കെക്കാരന്റെ വണ്ടി നമ്പർ അടക്കമുള്ള സകല വിവരങ്ങളും പരസ്യപ്പെടുത്തും എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അവസാന മുന്നറിയിപ്പ് നൽകി. അങ്ങനെ ഇവർ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഇവർ അടൂർ വരെ കാറിൽ യാത്ര ചെയ്തുവെന്നും ഇടയ്ക്ക് എവിടെയും ഇറങ്ങിയില്ല എന്നും പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഇതിനിടെ, പൊലീസുകാരനാണെന്നും പ്ലസ് ടു അദ്ധ്യാപകനാണെന്നും പറഞ്ഞുകൊണ്ട് രണ്ടുപേർ തന്നെ വിളിച്ചുവെന്നും യു.കെക്കാരനെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ വെളിപ്പെടുത്തി. യു.കെക്കാരൻ തന്റെ സ്വാധീനശക്തി അറിയിക്കുന്നതിനായി ഇവരെ ഇതിന് ചട്ടപ്പെടുത്തിയതാണെന്നാണ് താൻ കരുതുന്നതെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു.