yes

ന്യൂഡൽഹി: സാമ്പത്തിക തിരിമറികളും തുടർന്നുണ്ടായ പ്രതിസന്ധികളും മൂലം റിസർവ് ബാങ്കിന്റെ മൊറട്ടോറിയം നടപടി നേരിട്ട സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ഇന്നുമുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇന്നു വൈകിട്ട് ആറുമുതൽ ബാങ്ക് സാധാരണ നിലയിൽ പ്രവർത്തം പുനരാരംഭിക്കുമെന്ന് അഡ്‌മിനിസ്‌ട്രേറ്രർ പ്രശാന്ത് കുമാർ പറഞ്ഞു.

മാർച്ച് 26ന് പുതിയ ഡയറക്‌ടർ ബോർഡ് ചുമതലയേൽക്കും. യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി പ്രശാന്ത് കുമാർ ചുമതലയേൽക്കും. മൊറട്ടോറിയം ഏർപ്പെടുത്തിയതിന്റെ ഭാഗമായി അക്കൗണ്ടിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക 50,​000 രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ഇന്ന് വൈകിട്ട് ഒഴിവാകും. യെസ് ബാങ്ക് ഉപഭോക്താക്കൾക്ക് വൈകിട്ട് മുതൽ എല്ലാവിധ സേവനങ്ങളും ലഭ്യമാകുമെന്നും പണലഭ്യതയ്ക്ക് തടസങ്ങളില്ലെന്നും പ്രശാന്ത് കുമാർ പറഞ്ഞു. എല്ലാ ശാഖകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.ബി.ഐ നേതൃത്വത്തിൽ യെസ് ബാങ്കിന്റെ ഓഹരി പുനഃക്രമീകരണ നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പിൻവലിക്കുന്നത്. യെസിന്റെ 49 ശതമാനം ഓഹരികൾ 7,​250 കോടി രൂപയ്ക്ക് എസ്.ബി.ഐ വാങ്ങും. മൂന്നുവർഷത്തേക്ക് യെസ് ഓഹരികൾ വിറ്റഴിക്കില്ലെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. മറ്റു മുൻനിര സ്വകാര്യ ബാങ്കുകളും യെസിൽ നിക്ഷേപം നടത്തുന്നുണ്ട്.

ഏറ്റവും വലിയ 6-ാമത്തെ

ബാങ്കായി യെസ്

എസ്.ബി.ഐ രക്ഷയ്ക്ക് എത്തുകയും തുടർന്ന്,​ ഓഹരിവില കുതിക്കുകയും ചെയ്‌തതോടെ ഇന്ത്യയിലെ ആറാമത്തെ വലിയ ബാങ്കായി യെസ് ബാങ്ക് മാറി. മാർച്ച് ആറിന് ബാങ്കിന്റെ വിപണിമൂല്യം 1,​441 കോടി രൂപയായിരുന്നു. ഇന്നലെ മൂല്യം 74,​550 കോടി രൂപയിലെത്തി. ഇന്നലെ മാത്രം ഓഹരിവില കുതിച്ചത് 58.09 ശതമാനമാണ്. പഞ്ചാബ് നാഷണൽ ബാങ്ക്,​ ഇൻഡസ് ഇൻഡ് ബാങ്ക്,​ ബാങ്ക് ഒഫ് ബറോഡ,​ ബാങ്ക് ഒഫ് ഇന്ത്യ,​ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയേക്കാളും മേലെയാണ് ഇപ്പോൾ യെസിന്റെ വിപണിമൂല്യം.