pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാഹിയിലെ ഒരാൾക്ക് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17744 പേർ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലിരിക്കുന്നത്. 65 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 5372 പേർ പുതുതായി നിരീക്ഷണത്തിലുണ്ട്. 4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി -മുഖ്യമന്ത്രി പറഞ്ഞു.

'ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നതാണ്. നിരീക്ഷണത്തിലുള്ളവർ സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും വളരെ പ്രധാനമാണ്. അറുപതിനു മുകളിൽ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങൾ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെയുള്ള അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങൾ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കുന്നതിന് ശ്രദ്ധ നൽകും.' മുഖ്യമന്ത്രി വ്യക്തമാക്കി.

'ഇന്ന് 2467 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽത്തന്നെ 1807 സാംപിളുകൽ നെഗറ്റീവ് ആണെന്ന് മുഖ്യമന്ത് വ്യക്തമാക്കി. പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വിവരങ്ങൾ കൈമാറുന്നതിനും അവരെ ബോധവത്ക്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോർട്ടൽ സർക്കാർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.രോഗപ്രതിരോധ സന്ദേശം വീടുകളിൽ എത്തിക്കുന്നതിന് മെഡിക്കൽ വിദ്യാർത്ഥികളുടെ സഹായവും സർക്കാർ പ്രയോജനപ്പെടുത്തും. ആരോഗ്യ സർവ്വകലാശാലയാണ് ഇതിന് നേതൃത്വം നൽകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കും. പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനവും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.' മുഖ്യമന്ത്രി പറഞ്ഞു.