മസ്‌കറ്റ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഭേദഗതി വരുത്തി ഒമാൻ ഭരണകൂടം. റസിഡന്റ് കാർഡ് കൈവശമുള്ള, നിലവിൽ വിദേശത്ത് കഴിയുന്നവർക്ക് തിരികെയെത്താമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി സർക്കുലറിലൂടെ അറിയിച്ചു. വിസിറ്റിംഗ് വിസക്കാർക്ക് മാത്രമായിരിക്കും പുതിയ സർക്കുലർ പ്രകാരം പ്രവേശനവിലക്ക് ബാധകമാവുക.
ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങളിലെ പൗരന്മാരും റസിഡന്റ് വിസയുള്ളവരും ഒഴികെയുള്ള വിദേശികൾക്കായിരിക്കും വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുക. ചൊവ്വാഴ്ച ഉച്ചക്ക് 12 മണി മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.ഒമാനിലെത്തുന്ന എല്ലാവരും 14 ദിവസത്തെ നിർബന്ധിത ക്വാറൈന്റൻ നടപടികൾക്ക് വിധേയരാകേണ്ടിവരും. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ പരിശോധനയിൽ ഹോസ്‌പിറ്റൽ ക്വാറന്റൈൻ വേണ്ടവരെ അങ്ങോട്ട് മാറ്റും. അല്ലാത്തവർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിയണമെന്നും അറിയിപ്പുണ്ട്.
എന്നാൽ ട്രാൻസിറ്റ് യാത്രക്കാർക്ക് ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാനത്തിൽനിന്ന് ആഭ്യന്തര സർവിസിലേക്ക് മാറിക്കയറുന്ന യാത്രക്കാരും പൊതു ആരോഗ്യ സുരക്ഷക്കായി കൈക്കൊണ്ട നടപടികൾ അനുസരിക്കേണ്ടിവരും. തൊഴിൽ വിസയിലുള്ളവർക്ക് തിരിച്ചുവരാമെന്ന അറിയിപ്പ് പ്രവാസികളിൽ ആശ്വാസം പകരുമെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം, ഒമാനിൽ തിങ്കളാഴ്ച പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.