noose

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളായവരുടെ വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ആരാച്ചാർ ജയിലിലെത്തി. പ്രതികളുടെ തൂക്കി കൊലയ്ക്ക് മുൻപായി ഡമ്മി പരീക്ഷണം നാളെ നടക്കും. വധശിക്ഷ നടപ്പാക്കേണ്ടത് വെള്ളിയാഴ്ചയാണ്. അതിനിടെ പ്രതി മുകേഷ് സിങ്ങിന്റെ അമ്മയുടെ ഹർജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തള്ളിയിരുന്നു. വധശിക്ഷ തടയണമെന്നായിരുന്നു ഹർജിയിലൂടെ മുകേഷ് സിംഗ് ആവശ്യപ്പെട്ടിരുന്നത്. നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനാണ് മരണവാറന്റിൽ പറയുന്നത്.

നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി ഇന്നലെ ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ.ഷാ എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു. ഹർജി നിലനിൽക്കുന്നതല്ലെന്നും മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാദ്ധ്യതകളും അനുവദിച്ചു കഴിഞ്ഞതാണെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവർ തെറ്റിദ്ധരിപ്പിച്ച് തിരുത്തൽ ഹർജിയും ദയാഹർജിയും ഫയൽ ചെയ്തെന്ന മുകേഷിന്റെ ആരോപണവും തള്ളിക്കളഞ്ഞു.

തൂക്കിലേറ്റാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വധശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ രാജ്യാന്തര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു. രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെയാണ് പ്രതികൾ അവസാന കച്ചിത്തുരുമ്പെന്ന നിലയിൽ രാജ്യാന്തര കോടതിയിലെത്തിയത്.