ranjan-gogoi

ന്യൂഡൽഹി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ അങ്ങേയറ്റം പരുഷമായ വാക്കുകൾ കൊണ്ട് വിമർശനം നടത്തി മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. നിയമജ്ഞനായുള്ള തന്റെ 40 വർഷം നീണ്ട സേവനകാലയളവിൽ നിരവധി മോശം ജഡ്‌ജിമാരെയും നല്ല ജഡ്ജിമാരെയും കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്തരത്തിൽ 'ലൈംഗിക വൈകൃതങ്ങളുള്ള, നാണമില്ലാത്ത' ഒരു ജഡ്ജിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് കട്ജു ട്വിറ്റർ വഴി പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലും ഇതേ കാര്യം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

I have been a lawyer for 20 yrs and a judge for another 20. I hv known many good judges & many bad judges. But I have never known any judge in the Indian judiciary as shameless & disgraceful as this sexual pervert Ranjan Gogoi. There was hardly any vice which was not in this man

— Markandey Katju (@mkatju) March 17, 2020

'ഇരുപതു വർഷം ഒരു അഭിഭാഷകനായും അതിനടുത്ത 20 വർഷം ഒരു ജഡ്ജിയായും ജോലി നോക്കിയ ആളാണ് ഞാൻ. നിരവധി നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഇത്രയും നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള, രഞ്ജൻ ഗൊഗോയിയെ പോലെയൊരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ ഞാൻ കണ്ടിട്ടില്ല. ഈ മനുഷ്യനിൽ ഇല്ലാത്ത ദുർഗുണങ്ങൾ ഒന്നും തന്നെയില്ല.' അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

രഞ്ജൻ ഗോഗോയിയെ ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് രാഷ്‌ട്രീയമായി ഏറെ ഗുണം ചെയ്‌ത അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ ചരിത്ര വിധി അടക്കം പുറപ്പെടുവിച്ച ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്. കോൺഗ്രസിൽ ചേർന്ന് എംപിയായ മുൻ ചീഫ് ജസ്‌റ്റിസ് രംഗനാഥ് മിശ്രയ്‌ക്കും കേരളാ ഗവർണർ പദവിയിലെത്തിയ ജസ്‌റ്റിസ് പി. സദാശിവത്തിനും ശേഷം ആദ്യമായാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്‌ജിയ്ക്ക് രാഷ്‌ട്രീയ നിയമനം ലഭിക്കുന്നത്.

2019 ഏപ്രിലിൽ രഞ്ജൻ ഗൊഗോയി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് മുൻ സുപ്രീം കോടതി ജീവനക്കാരിയായ ഒരു സ്ത്രീ സുപ്രീം കോടതി ജഡ്ജിമാരെ സമീപിച്ചിരുന്നു. എന്നാൽ അടുത്ത മാസം തന്നെ സുപ്രീം കോടതിയുടെ മൂന്നംഗ ആഭ്യന്തര അന്വേഷണ കമ്മിറ്റി അദ്ദേഹത്തിന് സംഭവത്തിൽ ക്‌ളീൻ ചിറ്റ് നൽകുകയായിരുന്നു.