corona-kerala

വള്ളിക്കുന്ന് : ഖത്തറിൽ നിന്നെത്തിയ മകന് കെറോണ വൈറസ് ബാധയുണ്ടാകുമോ എന്ന ഭയത്തിൽ മാതാപിതാക്കൾ വീടുവിട്ട് പോയി എന്ന പ്രചാരണം തെറ്റ്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവാവിന് പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രണ്ടാഴ്ച വീട്ടിൽ കഴിയാൻ നിർദ്ദേശിച്ചാണ് അയച്ചത്. തുടർന്ന് വീട്ടിൽ എത്തുന്നതിന് മുമ്പ് മകൻ തന്നെ മാതാപിതാക്കളോട് ബന്ധുവീട്ടിലേക്ക് താമസം മാറാൻ പറയുകയായിരുന്നു. യുവാവിന്റെ അമ്മാവനാണ് ഇപ്പോൾ വീട്ടിൽ ഭക്ഷണം എത്തിച്ചു നൽകുന്നത്.

അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്‌ച പുതിയ കൊറോണ കേസൊന്നും റിപ്പോർട്ട് ചെയ്തില്ല. എങ്കിലും ശക്തമായ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാഹി സ്വദേശിയായ മലയാളിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആശ്വാസത്തിന്റെ ചില സൂചനകളുണ്ട്. എറണാകുളത്ത് മൂന്നുവയസുള്ള കുഞ്ഞിന്റെ രോഗം ഭേദമായിട്ടുണ്ട്. ഒരു ടെസ്റ്റിന്റെ ഫലം വരാനുണ്ട്. മൊത്തം18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും. ഇന്ന് 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 2467 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 1807ഫലങ്ങൾ നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 27 പേർക്കാണ്. രോഗമുക്തി നേടിയ മൂന്ന് പേരൊഴിച്ചാൽ 24 പേരാണ് ആശുപത്രികളിൽ ഉള്ളത്.