ജീവിതശൈലിയിലെ ന്യൂനതകൾ പരിഹരിക്കാതെ മരുന്നുകൾ കൊണ്ടുമാത്രം പ്രമേഹം നിയന്ത്രിക്കാനാവില്ല. പ്രമേഹരോഗികൾ ഗോതമ്പ് മാത്രമേ കഴിക്കാവൂ എന്നതും തെറ്റിദ്ധാരണയാണ്. അരിയിലും ഗോതമ്പിലുമുള്ളത് അന്നജമാണ്. ദഹനത്തിനു ശേഷം രണ്ടും ഗ്ളൂക്കോസായി മാറും. ഗോതമ്പിലുള്ള തവിട് ഗ്ളൂക്കോസിന്റെ ആഗിരണത്തെ മന്ദീഭവിപ്പിക്കുമെന്നതാണ് ഗുണം.
അരി, ഗോതമ്പ്, ചോളം എന്നിവ പരമാവധി കുറയ്ക്കുക. കിഴങ്ങുവർഗങ്ങൾ ഗ്ളൂക്കോസിന്റെ അളവ് കൂട്ടും. പകരം പച്ചക്കറികളും പയർ വർഗങ്ങളും ധാരാളം കഴിച്ചോളൂ. എണ്ണ, ഉപ്പ്, പൂരിത കൊഴുപ്പുകൾ, മധുര പലഹാരങ്ങൾ, എണ്ണയിൽ വറുത്തവ, പഴച്ചാറുകൾ. ജൂസുകൾ, തേൻ, മധുരപാനീയങ്ങൾ, വെണ്ണ, നെയ്യ് മുതലായവ ഒഴിവാക്കുക.
വ്യായാമം ഇൻസുലിൻ പ്രവർത്തനക്ഷമത കൂട്ടും. നടത്തം, ഓട്ടം, നീന്തൽ, സൈക്ളിംഗ്, കായിക വിനോദങ്ങൾ എന്നിവ മികച്ച വ്യായാമങ്ങളാണ്. ദിവസവും 45 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം. കൃത്യമായ ഇടവേളകളിൽ പ്രമേഹനില പരിശോധിക്കണം. അനിയന്ത്രിത പ്രമേഹം വൃക്കകൾക്കും രക്തധമനികൾക്കും ഭീഷണിയാണ്.