corona

ന്യൂഡൽഹി: മുംബയ് കസ്‌തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരൻ മരിച്ചതോടെ ഇന്ത്യയിൽ കൊറോണ മരണം മൂന്നായി. ഡൽഹിയിലും കർണാടകയിലുമായിരുന്നു മറ്റു രണ്ട് മരണങ്ങൾ. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി ഉയർന്നു.

മാർച്ച് എട്ടിന് ദുബായിൽ നിന്നെത്തിയ ആളാണ് ഇന്നലെ മരിച്ചത്. രക്തസമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു. ഇയാളുടെ ഭാര്യയ്‌‌ക്കും മകനും രോഗമുണ്ട്. കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്‌ട്രയിൽ ഇന്നലെ രണ്ട് പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് വന്നതാണിവർ. ഇതോടെ സംസ്ഥാനത്ത് 41പേർക്ക് രോഗം കണ്ടെത്തി.

മാർച്ച് 31വരെ അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ കേന്ദ്ര സർക്കാർ വിലക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്ത്യയിലേക്ക് വരാൻ പാടില്ല. യൂറോപ്യൻ യൂണിയൻ, തുർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നേരത്തേ വിലക്കിയിരുന്നു.

രോഗം ഇന്നലെ സ്ഥിരീകരിച്ചത് :

ഡൽഹി - യു.പി അതിർത്തിയിലെ നോയിഡയിൽ രണ്ട് പേർക്ക് . ഇവരിൽ ഒരാൾ ഫ്രാൻസിൽ പോയിരുന്നു.

മാർച്ച് 15ന് ഇറ്റലിയിൽ നിന്നെത്തിയ 216 അംഗ സംഘത്തിലെ രണ്ട് പേർക്ക് .

കർണാടകയിലെ കൽബുർഗിയിൽ മരിച്ച കൊറോണ രോഗിയെ ചികിത്സിച്ച ഡോക്‌ടറടക്കം മൂന്നുപേർക്ക് . ഇതിലൊരാൾ ബ്രിട്ടനിൽ നിന്നെത്തിയ 20കാരി.

ഹരിയാനയിൽ ആദ്യമായി ഗുരുഗ്രാമിൽ ഒരു സ്‌ത്രീക്ക് . ഇവർ മലേഷ്യയും ഇൻഡോനേഷ്യയും സന്ദർശിച്ചിരുന്നു.

മാഹിയിൽ 64കാരിക്ക് .

ഇന്ത്യയിലെ ആദ്യ വനിതാ മറൈൻ പൈലറ്റ് രേഷ്‌മ നിലോഫർ നഹ ഐസൊലേഷനിൽ.

നിയന്ത്രണങ്ങൾ:

താജ്മഹൽ അടക്കം 3000ത്തോളം സ്‌മാരകങ്ങളും 200 മ്യൂസിയങ്ങളും അടയ്‌ക്കും.

മഹാരാഷ്‌ട്രയിൽ സർക്കാർ ഓഫീസുകൾ അടച്ചിടും.

50ൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന് രാജസ്ഥാൻ സർക്കാർ

ഉത്തരാഖണ്ഡും ജമ്മുകാശ്‌മീരും കൊറോണ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശിൽ ആരാധനാലയങ്ങൾ അടച്ചു.

പൂനെയിൽ മാർച്ച് 20വരെ ഹോട്ടലുകൾ അടച്ചിടും

അലഹബാദ് സർവകലാശാല മാർച്ച് 31വരെ പരീക്ഷകൾ മാറ്റിവച്ചു

ഗോ എയർ ഏപ്രിൽ 15വരെ അന്താരാഷ്‌ട്ര സർവീസുകൾ നിറുത്തി.

മാർച്ച് 31വരെ അടിയന്തരമല്ലാത്ത ദന്തചികിത്സ നിറുത്തണമെന്ന് ദേശീയ ഡെന്റൽ അസോസിയേഷൻ

പാർലമെന്റ് സമ്മേളനം തുടരും

കൊറോണ കാരണം പാർലമെന്റ് സമ്മേളനം ചുരുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. ഏപ്രിൽ മൂന്നുവരെയാണ് സമ്മേളനം . എം.പിമാർ ജോലി ചെയ്യേണ്ട സമയമാണെന്നും സമ്മേളനത്തിന് ശേഷം മണ്ഡലങ്ങളിൽ ചെന്ന് ബോധവത്‌കരണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.

പ്ളാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപ

റെയിൽവേ സ്‌റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ സെൻട്രൽ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് പത്തു രൂപയിൽ നിന്ന് 50രൂപയായി വർദ്ധിപ്പിച്ചു. കേരളം ഉൾപ്പെട്ട ദക്ഷിണ റെയിൽവേയിൽ ചെന്നൈ സ്‌റ്റേഷനിലും 50 രൂപയാണ്. പശ്ചിമ റെയിൽവേയുടെ 250 സ്‌റ്റേഷനുകളിലും വർദ്ധന നടപ്പായി.