ന്യൂഡൽഹി: കൊറോണ രോഗം വ്യാപിക്കുന്നതിന് മുന്നെ തന്നെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഇന്ത്യക്ക് ഇപ്പോൾ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിടേണ്ട അവസ്ഥയാണ്. വൻ തോതിൽ വരുമാന നഷ്ടത്തിൽ നിൽക്കുന്ന ഈ അവസ്ഥയിൽ ചില സുപ്രധാന നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. അതിൽ പ്രധാനമാണ് സസ്യ എണ്ണയുടെ ഇറക്കുമതി നികുതി കുറയ്ക്കുക എന്നത്.
കൊറോണ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന് ലഭിക്കുന്ന ആദായ നികുതിയിലും വലിയ രീതിയിൽ ഇടിവ് വന്നിരിക്കുകയാണ്. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിൽ 3.5% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മറ്റ് നികുതികളിൽ നിന്ന് 3.8% നികുതി വർദ്ധനവ് ഉണ്ടായെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ വാക്കുകൾ നേരിയ ആശ്വാസം നൽകുന്ന കാര്യമാണ്.
ഈ വർഷം ജനുവരിയിൽ തന്നെ സസ്യ എണ്ണ, പാം ഓയിൽ തുടങ്ങിയവയുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ധനവകുപ്പിനോട് ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വൻ തോതിൽ സമ്പ്സിഡി നിരക്കിൽ അരിയും, ഗോതമ്പും ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയും കേന്ദ്രം ഉപേക്ഷിക്കുകയാണ്. ഭക്ഷ്യ വകുപ്പിന്റെ മറ്റൊരു പദ്ധതിയായ പാവപ്പെട്ടവർക്ക് പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതിയും ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. മറ്റുള്ള വകുപ്പുകളോടും പുതിയ പദ്ധതികൾ തൽക്കാലം ആവിഷ്ക്കരിക്കേണ്ടതില്ല എന്നാണ് കേന്ദ്രത്തിന്റെ നിർദേശം.