nigraham-40

ഞൊടിയിടയിൽ ഡ്രൈവർ സുമോയുടെ ഡോർ തുറന്നു. ഇറങ്ങി ഓടുകയായിരുന്നു ലക്ഷ്യം.

എന്നാൽ വലതു ഭാഗത്ത് നിന്നിരുന്ന ആൾ ഒറ്റ ചവുട്ടിന് അത് അടച്ചു.

''നീ എവിടെപ്പോകാൻ ശ്രമിക്കുകയാടാ? പെണ്ടാട്ടിയുടെ വീട്ടിലേക്കോ." പുറത്തു നിന്നിരുന്ന ആൾ ചീറി. ''നിന്നെ ആഘോഷപൂർവ്വം ഞങ്ങൾ യാത്രയാക്കിത്തരാം."

ഡ്രൈവർ അവിടെത്തന്നെയിരുന്നു...

മാളവികയുടെ വീടിനു മുന്നിലെ ബഹളങ്ങൾ പെട്ടെന്ന് അവസാനിച്ചു. അടുത്ത ചില വീടുകൾക്കു പുറത്തുള്ള ലൈറ്റുകൾ തെളിയുകയും ചെയ്തു.

സുമോയിൽ വന്ന മൂന്നുപേരും തറയിൽക്കിടന്നു ഞരങ്ങുകയാണ്.

''മാളവികേ... പെങ്ങളേ... ഇനി ഈ പുറത്തെ ലൈറ്റൊന്നിട്ടേര്. സിദ്ധാർത്ഥ് എന്താ ഇവരുടെ കയ്യിൽ കൊടുത്തുവിട്ടതെന്ന് ഞങ്ങള് ഒന്നു നോക്കട്ടെ."

വൈറസ് മാത്യു കയ്യിലിരുന്ന കമ്പ് തറയിലൂന്നിക്കൊണ്ട് വിളിച്ചു പറഞ്ഞു.

മാളവിക ലൈറ്റിട്ടു.

ചെമ്പല്ലി സുരേഷും മീറ്റർ ചാണ്ടിയും അടക്കം പത്തുപേർ തറയിൽ കിടന്നവർക്കു ചുറ്റും ഉണ്ടായിരുന്നു.

അവർ തറയിൽ കിടന്നിരുന്നവരെ പിടിച്ചുയർത്തി വലിച്ചിഴച്ചു. മുറ്റത്തോടു ചേർന്നു നിന്നിരുന്ന ഒരു റബ്ബർ തടിയിൽ ചേർത്തു കെട്ടി.

''ഇങ്ങോട്ടു വാടാ. ഒരുത്തൻ ഈ വണ്ടിയിലുണ്ട്."

സുമോയ്ക്കരുകിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

സംഘം അവിടേക്കു നീങ്ങി. ഡ്രൈവറെ വലിച്ചിറക്കി. ഒന്നും രണ്ടും വീതം കൊടുത്ത് നേരത്തെ ബന്ധിച്ചവരുടെ അടുത്തെത്തിച്ചു. അതിനിടയിൽത്തന്നെ അടിയേറ്റ് അയാളും തീരെ അവശനായിക്കഴിഞ്ഞു. അയാളെയും അവർ മറ്റുള്ളവർക്കൊപ്പം റബ്ബർ മരത്തിൽ കെട്ടി.

''എന്താ അവിടെ?"

അയൽവീട്ടുകാർ ഇതിനകം പുറത്തിറങ്ങി.

''ഇങ്ങോട്ടു പോരെ... നേരിൽ കാണാം." ചെമ്പല്ലി സുരേഷ് അറിയിച്ചു.

അര മിനിട്ടിനുള്ളിൽ പത്തിരുപതുപേർ അവിടെയെത്തി.

''എന്താ മക്കളേ ഇതൊക്കെ?" പ്രായമുള്ള ഒരാൾ ഡ്രൈവറന്മാരെ നോക്കി.

''ഞങ്ങള് കോന്നിയിലെ ഓട്ടോ ഡ്രൈവറന്മാരാ ചേട്ടാ... ഇവര് ഈ വീട്ടിൽ ഉള്ളവരെ ഉപദ്രവിക്കാൻ വന്നവരും. എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഇവർ തന്നെ പറഞ്ഞുതരും."

മാത്യു, റബ്ബറിൽ കെട്ടിയിരിക്കുന്നവർക്കു നേരെ കൈ ചൂണ്ടി.

''അവളെന്തിയേ മാളവിക?"

ഒരു സ്‌ത്രീ ചുറ്റും നോക്കി.

''വീടിനുള്ളിൽ കാണും."

ചാണ്ടി പറഞ്ഞു.

''മോളേ മാളവികേ..." ആ സ്ത്രീ വാതിലിൽ മുട്ടി.

വാതിൽ തുറക്കപ്പെട്ടു.

മാളവികയും ചന്ദ്രികയും...

''പറയെടാ നീയൊക്ക എന്തിനാ ഈ രാത്രിയിൽ ഇവിടെ വന്നത്?"

അയൽക്കാരായ ചെറുപ്പക്കാർ ഗുണ്ടകളോടടുത്തു.

''വേണ്ട. ഇനി അവരെ തല്ലിയാൽ ചത്തുപോകും. പിന്നെ നമ്മള് കോടതിയിൽ കേറിയെറങ്ങേണ്ടിവരും." സുരേഷ് അവരെ തടഞ്ഞു. പിന്നെ തന്റെ സെൽഫോൺ എടുത്തു. അതിലെ വീഡിയോ റിക്കാർഡിംഗ് സിസ്റ്റം ഓണാക്കി.

മറ്റു ചിലരും അങ്ങനെ ചെയ്തു.

ഗുണ്ടകൾ കഴുത്തൊടിഞ്ഞതുപോലെ തല കുമ്പിട്ടുനിൽക്കുകയാണ്.

''നേരെ നോക്കിനെടാ തല്ലുമേടിക്കണ്ടെങ്കിൽ.." മീറ്റർ ചാണ്ടി കൽപ്പിച്ചു. ''അല്ലെങ്കിൽ ഇനിയും നീയൊക്കെ മേടിക്കും."

നാലുപേരും മുഖമുയർത്തി.

അവരുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പതിഞ്ഞു തുടങ്ങി.

''ഇനി... എന്തിനു വന്നു, ആരു പറഞ്ഞുവിട്ടു എന്നൊക്കെയങ്ങ് പറഞ്ഞേര്. ഞങ്ങൾക്ക് എല്ലാം അറിയാം. എന്നാലും ഈ നാട്ടുകാരുംകൂടി കേൾക്കുവേം അറിയുകേം ചെയ്യട്ടെ."

ആരും മിണ്ടിയില്ല.

മാത്യു വീണ്ടും തന്റെ കയ്യിലിരുന്ന വടി ഉയർത്തി.

''നിന്റെയൊക്കെ കാൽമുട്ടുകൾ തല്ലിപ്പൊട്ടിക്കാൻ പോകുവാ ഞാൻ. തുടങ്ങിയാൽ പിന്നെ ഞാൻ നിർത്തത്തില്ല. നീയൊന്നും ഈ ജന്മത്തിൽ ഇനി പഴയതുപോലെ നടക്കത്തുമില്ല."

''ഇനി ഞങ്ങളെ തല്ലരുത്.... ഞാൻ എല്ലാം പറയാം." ഒരാൾ ചുണ്ടനക്കി.

''എന്നാൽ പറഞ്ഞോടാ. ആരു പറഞ്ഞിട്ടാ നിങ്ങള് വന്നത്?" സുരേഷ് അയാളുടെ മുഖത്തേക്ക് ക്യാമറ അല്പം കൂടി അടുപ്പിച്ചുപിടിച്ചു.

''ഷാജി ചെങ്ങറ സാറ്..."

അയാൾ പറഞ്ഞതുകേട്ട് ഡ്രൈവറന്മാരും മാളവികയും ഒഴികെയുള്ളവർ ഞെട്ടി പരസ്പരം നോക്കി.

''എന്തിനാണവൻ നിങ്ങളെ പറഞ്ഞുവിട്ടത്?"

ചോദ്യം അയൽക്കാരിൽ ഒരുവന്റേത് ആയിരുന്നു.

''മാളവികയെ പിടിച്ചോണ്ടു ചെല്ലാൻ..."

ആളുകളിൽ അടുത്ത ഞെട്ടൽ.

തുടർന്ന് അവർ എല്ലാം തുറന്നു പറഞ്ഞു.

''ഇനി ഞങ്ങളെ പോകാൻ അനുവദിക്കണം. ഞങ്ങളിനി ഈ വഴിക്ക് വരത്തില്ല..." മറ്റൊരു ഗുണ്ട യാചിച്ചു.

അതവിടെ നിൽക്കട്ടെ. ഇനിയും അറിയാനുണ്ട് കാര്യങ്ങൾ."

മീറ്റർ ചാണ്ടി മുന്നോട്ടു നീങ്ങിനിന്നു.

''സിദ്ധാർത്ഥിന്റെ അമ്മയെ അടക്കിയ സ്ഥലത്തുവച്ച് പെട്രോൾ ബോംബ് എറിഞ്ഞത് ആരാടാ?"

''അത്... ഞങ്ങളാ..."

അവർ സമ്മതിച്ചു.

''ആരു പറഞ്ഞിട്ട്?"

''ഷാജി ചെങ്ങറ സാറ്..."

കേട്ടവർ സ്തംഭിച്ചു നിന്നു.

(തുടരും)