ന്യൂയോർക്ക്: ലോകം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ ബ്രിട്ടീഷ് സംഘത്തിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. അമേരിക്കയിൽ മാത്രം കൊറോണ ബാധിച്ച് 22 ലക്ഷം പേർ മരിക്കുമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവചിക്കുന്നു.
ഇപ്പോഴേ രോഗത്തിനെതിരെ കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അമേരിക്കയിൽ 22 ലക്ഷം പേരും, യു.കെയിൽ അഞ്ച് ലക്ഷം പേരും മരിക്കുമെന്നുമാണ് റിപ്പോർട്ടിൽ വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇറ്റലിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്. അതേസമയം, പഠന റിപ്പോർട്ട് പുറത്തുവന്നതോടെ രോഗ വ്യാപനം തടയാനുള്ള നടപടികൾ കർശനമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനൊക്കെ സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും, പൊതുയിടങ്ങളിൽ നിയന്ത്രണം വയ്ക്കാത്തത് മരണസംഖ്യ വർദ്ധിക്കാൻ കാരണമാകുമെന്ന് വിദഗ്ദ്ധർ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.