anti-caa-strike

ന്യൂഡൽഹി: പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് ഭീതിയിൽ ചെന്നൈയിൽ നടന്നുവന്നിരുന്ന ഡൽഹി ഷഹീൻബാഗ് മോഡൽ സമരത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി സമരക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസമായി സമരം തുടർന്ന് വരുകയായിരുന്നു. ‌ഡൽഹി ഷഹീൻബാഗ് സമരത്തിന്റെ മാതൃകയിൽ ചെന്നൈയിലെ ഒരു കൂട്ടം സ്ത്രീകളായിരുന്നു സമരം നടത്തി വന്നത്. എന്നാൽ ഭീതിജനകമായ രീതിയിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ താൽക്കാലികമായി ഇതിൽ നിന്ന് പിന്മാറാൻ രാഷ്ട്രീയ നേതൃത്വവും മത നേതാക്കളും മറ്റും ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ 15നായിരുന്നു ഡൽഹിയിലെ ഷഹീൻബാഗിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യത്തിന്റെ മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും പ‌ടർന്ന് പിടിക്കുകയായിരുന്നു. ചെന്നൈയിലെ ഷഹീൻബാഗ് മോ‌ഡൽ സമരം താൽക്കാലികമായി നിന്നെങ്കിലും രാജ്യ തലസ്ഥാനത്ത് ഇപ്പോഴും സമരം തുടരുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും സമരക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർ അതിന് തയ്യാറായിട്ടില്ല. സമരക്കാരുമായി ചർച്ച നടത്തിയെന്നും എന്നാൽ അവർ ഒരു രീതിയിലും വഴങ്ങുന്നില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.

എന്നാൽ പൊലീസ് സമര സ്ഥലത്ത് എത്തിയില്ലെന്നും,​ പത്തോ പതിനഞ്ചോ പേരെ വിളിച്ച് കാര്യം തിരക്കുക മാത്രമാണ് ചെയ്തതെന്ന് സമരക്കാരും പറയുന്നു. സമരക്കാരോടായി സ്റ്റേജിൽ വന്ന് പൊലീസിന്റെ ആവശ്യം ഉന്നയിക്കാൻ പറഞ്ഞതും അവർ അംഗീകരിച്ചില്ലെന്ന് സമരക്കാർ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സമരത്തിന്റെ ഭാവി എന്താകുമെന്നത് വരും ദിവസങ്ങളിൽ അറിയാം.