mohanalal

തൊടുപുഴ: ഇറ്റലിയിൽ നിന്നും കേരളത്തിലെത്തിയ വിദേശ സ‌ഞ്ചാരിക്ക് ഹോട്ടൽ മുറി കൊടുക്കാതായപ്പോൾ സെമിത്തേരിയിൽ കിടന്നുറങ്ങേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ രംഗത്തെത്തി. വിദേശികളാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാൻ വരുന്നവരാണെന്നും ഇത് ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അവരോടു നമ്മൾ പലതവണ പറഞ്ഞിരിക്കുന്നെന്നും അദ്ദേഹം പറയുന്നു.

രോഗമുള്ളവരെ കണ്ടെത്താൻ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല. ഒരു മരണവാർത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്തെത്തിയ അർജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാർത്തകൂടി വായിച്ചു തീരുമ്പോൾ വേദന ഇരട്ടിയാകുന്നു. പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. അടച്ച മുറിയിൽ കഴിയുന്ന എല്ലാവരും രോഗികളല്ല. അവർ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാൽ തടയാനാകുമോ? അവരിൽ രോഗമുള്ളവർ രോഗം പടർത്തിയാൽ എത്രത്തോളം തടയാനാകും? മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേർത്തു നിറുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പ്രമുഖ മാദ്ധ്യമത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു.

വാഗമണ്ണിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇറ്റലിക്കാരനായ വിനോദസഞ്ചാരിക്ക് താമസിക്കാന്‍ മുറികിട്ടാത്തതിനെ തുടര്‍ന്ന് അദ്ദേഹം പള്ളി സെമിത്തേരിയിൽ ഉറങ്ങുകയായിരുന്നു. ഇയാള്‍ താമസത്തിന് വേണ്ടി ഹോട്ടലുകളും റിസോര്‍ട്ടുകളും തപ്പിയെങ്കിലും മുറി കിട്ടിയില്ല. കൊറോണ ഭീതിയെ തുടര്‍ന്ന് വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടച്ചിരിക്കുകയായിരുന്നു. സംഭവം പൊലീസിനെ അറിയിച്ചെങ്കിലും പെലീസ് സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ സ്ഥലം കാലിയാക്കിയിരുന്നു. ഞായറാഴ്ച രാവിലെ പള്ളിയിലേക്കു പോയവരാണ് ഇയാള്‍ സെമിത്തേരിയില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടത്.