കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിവേഗം പകരുന്ന ഒരു അസുഖമാണിത്. ഫലപ്രദമായ വാക്‌സിൻ കണ്ടെത്താത്തതിനാൽ ഇതുവരെ വൈറസിനെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിരവധിയാളുകൾക്കുള്ള സംശയമാണ് കൊറോണ ബാധിതർ തൊട്ട സ്ഥലത്തോ, വായുവിലോ വൈറസിന് എത്ര സമയം നിലനിൽക്കാൻ സാധിക്കും എന്നത്.
മണിക്കൂറുകളോളം വൈറസിന് വായുവിലോ വസ്‌തുവിലോ നിലനിൽക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. യു.എസ് ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവിട്ടത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി), കാലിഫോർണിയ സർവകലാശാല, ലോസ് ഏഞ്ചൽസ്, പ്രിൻസ്റ്റൺ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക്കിലും സ്റ്റെയിൻലെസ് സ്റ്റീലിലും മൂന്ന് ദിവസം വരെയും, 24 മണിക്കൂർ വരെ കടലാസിലും സമാന വസ്‌തുക്കളിലും (കാർബോർഡ്) വൈറസ് തങ്ങി നിൽക്കുമെന്നാണ് കണ്ടെത്തൽ.
രോഗബാധിതനായ ഒരാളെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അദ്ദേഹം ചുമയ്ക്കുകയും തുമ്മുകയും ചെയ്തു. മൂന്ന് മണിക്കൂർ വായുവിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായെന്ന് വിദഗ്ദ്ധർ പറയുന്നു. 'പൊതുയിടങ്ങളിൽ ജാഗ്രത പാലിക്കുക, മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക, ചുമയോ തുമ്മലോ ഉണ്ടാകുമ്പോൾ ടവൽ ഉപയോഗിക്കുക, സാനിറ്റൈസറുകൾ ഉപയോഗിക്കുക'-വിദഗ്ദ്ധർ പറഞ്ഞു.