water-day

ഇന്ന് ജലദിനം.സ്വാഭാവിക ജലസംഭരണ
സംവിധാനങ്ങൾ നശിക്കുമ്പോൾ ഇല്ലാതാകുന്നത് കുടിനീരു കൂടിയാണ്.

വീണ്ടുമൊരു ജലദിനം കൂടി . സൂക്ഷ്മ കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു മാറ്റവും ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നൽകുന്നത് ജല മേഖലയിലാണ്. മാറിമാറിവരുന്ന ചൂടും തണുപ്പും മഴയുമെല്ലാം കൂടി ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ചിരപരിചിതമായ കാലാവസ്ഥാ ക്രമങ്ങൾക്ക് ഗൗരവപരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്. കോവിഡ് 19 പോലുള്ള രോഗ കാരണങ്ങൾക്കുള്ള നിരവധി വൈറസുകൾ
ഉണ്ടാകുന്നതും വ്യാപിക്കുന്നതും കാലാവസ്ഥാ മാറ്റത്തിന്റെ ഫലം കൂടികൊണ്ടാണെന്ന വാദവും ഉയർന്നു വന്നിട്ടുണ്ട്.

കാലാവസ്ഥാ മാറ്റവും ജലവും എന്നതാണ് ഐക്യരാഷ്ട്രസഭ ഈ വർഷത്തെ ജലദിനാചരണ വിഷയമായി നൽകിയിട്ടുള്ളത്. ഒരുവശത്ത് ആഘോഷങ്ങളും ചർച്ചകളുമൊക്കെ നടക്കുമ്പോൾ തന്നെ ലോക ജനസംഖ്യയിൽ മൂന്നിലൊന്നിന് ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്.
ഭാരതത്തിലും പതിനെട്ട് ശതമാനം പേർക്കു മാത്രമാണ് സർക്കാരിന്റെ കുടിവെള്ള പദ്ധതികളിലൂടെയുള്ള ജലം ലഭിക്കുന്നത്. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ മുപ്പത്തിമൂന്ന് ശതമാനം പേർക്ക് വിവിധ പദ്ധതികളിലായി കുടിവെള്ളം ലഭിക്കുന്നു.

പ്രതിസന്ധികൾ

വർദ്ധിച്ചുവരുന്ന ജനസംഖ്യ ഉയർത്തുന്ന ജലാവശ്യകത, ഇല്ലാതാവുന്ന ജലസ്രോതസ്സുകൾ, മലിനീകരണം, ഭൂവിനിയോഗരീതികൾ, ഭൂജലചൂഷണം, തുടങ്ങിയ വിവിധ കാരണങ്ങളാൽ ജലസമൃദ്ധിയിലും ജലശുദ്ധിയിലും വലിയ പ്രതിസന്ധികളാണ് . കൂനിൻ മേൽ കുരു
എന്ന പോലെ കാലാവസ്ഥാമാറ്റവും കൺമുന്നിലെ യാഥാർത്ഥ്യമാണ്. ഒരുഹെക്ടർ സ്വാഭാവിക വനം മുപ്പതിനായിരം ഘന കിലോമീറ്ററും പത്ത് സെന്റ് വയൽ ഒരു ലക്ഷത്തി എൺപതിനായിരം ലിറ്ററും മഴവെള്ളത്തെ ഉൾക്കൊള്ളും.സ്വാഭാവിക ജലസംഭരണ സംവിധാനങ്ങൾ നശിക്കുമ്പോൾ ഇല്ലാതാകുന്നത് കുടിനീരുകൂടിയാണ്. കേരളത്തിലും കാലാവസ്ഥാമാറ്റത്തിന്റെ ദുരിതങ്ങൾ നാം കണ്ടുകഴിഞ്ഞു. രണ്ടായിരത്തി പതിനാറിൽ നൂറ്റിനാൽപ്പതുവർഷങ്ങൾക്കിടയിലുള്ള ഏറ്റവും വലിയ വരൾച്ച വന്നിരുന്നു. തുടർ വർഷങ്ങളിൽ ഓഖിയും പ്രളയവുമെല്ലാം കൂടി ആയപ്പോൾ എല്ലാം തകിടം മറിഞ്ഞു.

മഴദിനങ്ങളുടെ എണ്ണം

ശരാശരി നൂറ്റി ഇരുപതുദിവസം മഴകിട്ടിയിരുന്നിടത്ത് മഴദിനങ്ങളുടെ എണ്ണം കാര്യമായി കുറയുകയാണ്. രണ്ടു മില്ലിമീറ്റർ വരെയായിരുന്ന മഴത്തുള്ളികളുടെ കനം മില്ലി മീറ്ററായി മാറി.ആയിരത്തിത്തൊള്ളായിരത്തി എൺപതുകൾ മുതലാണ് സംസ്ഥാനത്തെ ജലസ്വാശ്രയത്വത്തിൽ

വലിയമാറ്റം കണ്ടുതുടങ്ങിയത്. എഴുപത്തഞ്ച് ശതമാനമുണ്ടായിരുന്ന വനസമ്പത്ത് ഔദ്യോഗിക കണക്കിൽ ഇപ്പോൾ മുപ്പതുശതമാനമായി മാറി. യഥാർത്ഥ സ്വാഭാവിക വനം പത്തു ശതമാനം എന്ന വാദവും ശക്തമാണ്. ജല റിസർവോയറുകളായ വയലുകളുടെ വിസ്തൃതിയിൽ എഴുപതു ശതമാനമാണ് കുറവുണ്ടായത്.

പർവതജന്യമായ മഴയാണ് കേരളത്തിൽ കിട്ടുന്നത്. ഇതിനാവട്ടെ കുന്നുകളും മലനിരകളും വലിയ വൃക്ഷസമ്പത്തും ആവശ്യമാണ്. ഇടനാടൻ കുന്നുകളുടെയും മലനിരകളുടെയും നാശത്തിലൂടെ നഷ്ടമാവുന്നത് സന്തുലിതമായി സംസ്ഥാനത്ത് ലഭിച്ചിരുന്ന കാലാവസ്ഥ വ്യവസ്ഥയാണ്.

പരിഹാരങ്ങൾ

ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു പുരപ്പുറത്ത് പ്രതിവർഷം ശരാശരി മൂന്നു മുതൽ അഞ്ചുലക്ഷം ലിറ്റർ മഴയാണ് പെയ്തുവീഴുന്നത്.
മഴവെള്ളസംഭരണവും കൃത്രിമ ഭൂഗർഭജല പരിപോഷണവും ജലസംരക്ഷണവും ഇനിയും കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്. മഴക്കുഴികൾ, പുതയിടൽ, വിവിധയിനം കൈയ്യാലകൾ, തടയണകൾ, അടിയണകൾ, സസ്യവൽക്കരണം, തുടങ്ങിയ നിരവധി മണ്ണ്, ജല, ജൈവസംരക്ഷണരീതികളും വ്യാപകമായാൽ മാത്രമെ ജലപ്രതിസന്ധി പരിഹരിക്കാനാവൂ.

സംസ്ഥാനത്തെ വേനൽമഴയിൽ പത്തു ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. തുലാവർഷമഴയിലും ഏറെക്കുറച്ചിലുകൾ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സമഗ്രവും ശാസ്ത്രീയവുമായ ജലസംരക്ഷണം മഴവെള്ള സംഭരണ പരിപാടികൾ വ്യാപകമാക്കേണ്ടത് പ്രധാനമാണ്. കെട്ടിട നിർമ്മാണ രീതികളിലുൾപ്പെടെ കൂടുതൽ ജല സൗഹൃദമാർഗങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. നിലവിലുള്ള വനം. വയലുകൾ, കുളങ്ങൾ, നദികൾ, തോടുകൾ എന്നിവ പരമാവധി സംരക്ഷിക്കപ്പെടണം. വലിയൊരു ജലസാക്ഷരത നമുക്കാവശ്യമാണ്.
ജലമാണ് ജീവൻ. ജലത്തിനുപകരം ജലം മാത്രം. അവ കൂടി അറിഞ്ഞുകൊണ്ടുള്ള പുതിയൊരു ജലാവബോധത്തിലേക്കും, വികസന സംസ്‌കാരത്തിലേക്കും, ജീവിതശൈലിയിലേക്കും നാം മാറണം.

ഫോൺ - 9847547881 subashchandraboss@yahoo.com