യുദ്ധങ്ങളെപ്പോലെ മഹാമാരികളും ചരിത്രത്തിന്റെ ഗതി മാറ്റിയിട്ടുണ്ട് . വസൂരി, പ്ലേഗ്, ഫ്ളൂ, എയ്ഡ്സ് എന്നിങ്ങനെ മഹാമാരികൾ മനുഷ്യരാശിയുടെ സഞ്ചാരം, ഇടപെടൽ, വാണിജ്യം, സംസ്കാരം, കല, സാങ്കേതികവിദ്യ, ഈശ്വരവിശ്വാസം എന്നിവയെയൊക്കെ മൗലികമായി മാറ്റിയിട്ടുണ്ട്. ആവാസ വ്യവസ്ഥ, ഗൃഹനിർമ്മാണം, വീട്ടിലെ ഭക്ഷണം, ശൗചം, കുളി, പരിസര ശുചിത്വം, സാങ്കേതികവിദ്യ എന്നിവയൊക്കെ ഇന്നത്തെ അവസ്ഥയിലെത്താനുള്ള കാരണം മഹാമാരികൾ മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളാണ്. ഇങ്ങനെ ചിന്തിച്ചാൽ കോവിഡ് 19 ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ തൊഴിൽരംഗത്തെ പ്രവൃത്തികളെ മൂന്നു തലത്തിലെങ്കിലും മൗലികമായി മാറ്റുമെന്ന് കാണാം.
തീരപ്രദേശത്ത് ആളുകൾ തിങ്ങിഞെരുങ്ങി, ചതുരശ്ര കിലോമീറ്ററിൽ 5000 പേർ വരെ താമസിക്കുന്ന കേരളത്തിൽ വ്യക്തിബോധവും സുരക്ഷിത അകലവും മനസിൽ വരും. ഹസ്തദാനാലിംഗനങ്ങളെ നമസ്തേ ഏറ്റെടുക്കും. തണുപ്പ് രാജ്യങ്ങളിൽ ആൺപെൺ വ്യത്യാസമില്ലാതെ ആശ്വാസകരമായ ആലിംഗനം നിലവിൽത്തന്നെ ഊഷ്മാവും ഈർപ്പവും കൂടുതലായ കേരളത്തിൽ പ്രചാരത്തിലില്ല, വിയർപ്പിനോടുള്ള അനിഷ്ടം തന്നെ കാരണം. മനുഷ്യർ പരസ്പരം രണ്ടടി ദൂരം കൂടുതൽ പാലിക്കാനിഷ്ടപ്പെടും. നല്ലതാണ് ! ഇപ്പോൾത്തന്നെ കേരളത്തിൽ വലിയ രാഷ്ട്രീയ പാർട്ടികൾക്കു പോലും വലിയ ജാഥകളോ പ്രകടനങ്ങളോ സംഘടിപ്പിക്കാൻ പ്രയാസമാണ്. ഇതു കൂടുതൽ പ്രചാരത്തിലാവുകയും, പൊതുവിൽ ആളുകൾക്ക് ആൾക്കൂട്ടങ്ങളോട് വിപ്രതിപത്തി കൂടുകയും ചെയ്യും.
തൊഴിലിടങ്ങളുടെ പൊതുശുചിത്വം കൂടും. പതിനഞ്ച് വർഷം മുമ്പ് സ്കൂൾ കുട്ടികൾക്ക് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിൽ ലോകബാങ്ക് സഹായത്തോടെ ഹാൻഡ് വാഷ് പ്രചാരണം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ഡോ. വന്ദനാശിവയുടെയൊക്കെ നേതൃത്വത്തിൽ വലിയ എതിർപ്പുയർന്നത് ഓർക്കുന്നു. ഹിന്ദുസ്ഥാൻ ലിവറിന്റെ സൗജന്യ സോപ്പും പദ്ധതിയിലുണ്ടായിരുന്നു. കുത്തകയുടെ ഗൂഢാലോചനയാണ് എന്നായിരുന്നു പ്രചാരണം. എതിർപ്പു കാരണം ഒടുവിൽ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോൾ
സെക്രട്ടേറിയറ്റിൽ സർവകക്ഷി യോഗത്തിനെത്തുന്നവർക്ക് പടിക്കൽ ഹാൻഡ് സാനിറ്റൈസേഷൻ നൽകി പ്രചാരണം നടക്കുന്നു. തൊഴിലിടത്തിൽ തുമ്മിയും ചുമച്ചും ഏറെനേരം അഭിമുഖമായിരിക്കാനുള്ള ആഭിമുഖ്യവും കുറയും, കുറയണം. വർക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങൾ പ്രചാരത്തിൽ വരും. ഐ.ടി സർവവ്യാപിയായതോടെ അസിസ്റ്റന്റ് മുതൽ മാനേജിംഗ് ഡയറക്ടർ വരെ, അഥവാ ചീഫ് സെക്രട്ടറി വരെ മണിക്കൂർ കണക്കിന് പരസ്പരം അഭിമുഖമായിരിക്കേണ്ട കാര്യമൊന്നുമില്ല. ആരുമായും നല്ല ക്വാളിറ്റി ഓഡിയോ വീഡിയോ കോൺഫറൻസുകൾ സംഘടിപ്പിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രാപ്തമാണെന്നിരിക്കെ ഇത് ഉപയോഗപ്പെടുത്തിയാൽ പരസ്പരം ഉമിനീർ കൈമാറി അസുഖം പിടിപ്പിക്കാൻ മാത്രം ഉതകുന്ന അത്യാവശ്യമില്ലാത്ത യോഗങ്ങളെങ്കിലും ഒഴിവാക്കാം. ഇ - മെയിൽ, വാട്സ് ആപ്പ്, വീഡിയോചാറ്റ്, കോൺഫറൻസ് സോഫ്ട് വെയറുകൾ ഉചിതമായ പ്ലാറ്റ് ഫോമിൽ പിടിപ്പിച്ചാൽ മതി. അവരവർ ഉള്ളിടത്തുനിന്ന് ലിങ്കുകൾ വഴി കോൺഫറൻസിൽ ഫലപ്രദമായി വരാം. നേരിൽ കാണുന്നത് ചർച്ചകൾക്ക് മാത്രമാക്കാം, അതീവ സ്വകാര്യത വേണ്ട .
വർക്ക് ഓഫ് ഓഫീസ് വരുന്നതോടെ നേരിൽ വ്യക്തികൾ കാണേണ്ട സന്ദർഭങ്ങൾക്കായി മാത്രം ഓഫീസിനെ ചുരുക്കാം. അതിനായി ആഴ്ചയിൽ സൂപ്പർ വൈസറുമായി നിശ്ചയിച്ച അഞ്ചു ദിവസം അഥവാ 40 മണിക്കൂറായി തൊഴിൽ സമയം പുനർനിശ്ചയിക്കുന്നത് നന്നായിരിക്കും. ഓരോ ജീവനക്കാരനും ഇപ്രകാരം ഓഫീസ് ഉത്തരവ് അഥവാ സമയ നിശ്ചിത കരാർ നൽകാൻ പ്രയാസമില്ല. ഇത് ആറ് ദിവസമായോ അഞ്ചു ദിവസമായോ നിർവഹിക്കാൻ തുടക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ ഫ്ളെക്സി ടൈമിൽ അനുവദിക്കുന്നതും ആലോചിക്കാവുന്നതാണ്. ഫയൽ/ രേഖ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇതു നടപ്പാക്കാൻ ഒരു പ്രയാസവുമില്ല. മഹാമാരി ഇതൊക്കെ മാറ്റങ്ങളായി പതിയേ സംഭവിപ്പിക്കുമെന്ന് ഉറപ്പാണ്.
( അഭിപ്രായം വ്യക്തിപരം )