ദയവായി നിങ്ങളിത് മനസിലാക്കുക, ദൈവം നിങ്ങൾക്കായി ഒരു ചെറുവിരൽ പോലും ഉയർത്തില്ല, കാരണം അദ്ദേഹം ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ജോലിയും പൂർത്തിയാവാത്തതായി അവശേഷിക്കുന്നില്ല. സൃഷ്ടിയുടെ അതിശയകരമായ എല്ലാ ജോലിയും അദ്ദേഹം പൂർത്തിയാക്കിയിരുന്നു. അതിൽ പരാതിപ്പെടാൻ ഒന്നുംതന്നെയില്ല. അദ്ദേഹം നിങ്ങളിൽ അദ്ദേഹത്തെത്തന്നെ ചേർത്തിരിക്കുന്നു; അതിനപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനാവില്ല. എന്നാൽ നിങ്ങളെപ്പോഴും 'ദൈവമേ! എനിക്ക് പണം തരൂ, എനിക്ക് അതും ഇതുമൊക്കെ തരൂ", എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജോലി പൂർത്തിയായിട്ടുള്ള നിലയ്ക്ക് ഇനി നിങ്ങളുടെ ജോലി മാത്രമേയുള്ളൂ. നിങ്ങൾ അടുത്ത ലോകകപ്പിനായിട്ടുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിലാണെന്നും, പരിശീലകനോടൊപ്പമാണെന്നും കരുതുക. ഫുട്ബാളിനെക്കുറിച്ച് അദ്ദേഹത്തിനറിയാവുന്നതെല്ലാം നിങ്ങൾക്ക് പകർന്നു തരുന്നു. വളരെയധികം വർഷത്തെ കഠിനപരിശീലനം നടക്കുന്നതിലൂടെ, ഫുട്ബാളിനെക്കുറിച്ച് അറിയേണ്ടതെല്ലാം നിങ്ങൾ അറിഞ്ഞു കഴിഞ്ഞു. മത്സരിക്കേണ്ട സമയമായി, നിങ്ങൾ ഫുട്ബാൾ മൈതാനത്തുമാണ്. പന്ത് അടുത്തെത്തുമ്പോൾ, നിങ്ങൾ കോച്ചിനെ നോക്കി നിന്നാലോ ! അതാണ് നിങ്ങളിപ്പോൾ ചെയ്യുന്നത്. നിങ്ങൾക്കായി ചെയ്യാവുന്നതെല്ലാം ദൈവം ചെയ്തു. നിങ്ങൾക്കൊരിക്കലും സങ്കല്പ്പിക്കാനാകാത്ത മനോഹരമായ ഒരു ലോകം അദ്ദേഹം സൃഷ്ടിച്ചു. പലരീതിയിൽ അദ്ദേഹത്തിന്റേതായ ചൈതന്യം നിങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇപ്പോൾ, ഗെയിം കളിക്കാനുള്ള സമയമാണെങ്കിലും നിങ്ങൾ ദൈവത്തെ നോക്കി 'എന്റെ മക്കളെ പരിപാലിക്കണേ, എന്റെ ബിസിനസും സ്വത്തും സംരക്ഷിക്കേണമേ എന്നെ പരീക്ഷയിൽ വിജയിപ്പിക്കേണമേ" എന്നിങ്ങനെ ചോദിച്ചു കൊണ്ടിരിക്കും. നിങ്ങൾക്കൊരു പരീക്ഷ പാസാകാൻ കഴിയുന്നില്ലെങ്കിൽ, പിന്നെന്തിനാണ് കോളേജിലോ സ്കൂളിലോ ചേരുന്നത്. നിങ്ങൾക്ക് ഒരു ബിസിനസ് നടത്താൻ കഴിയുന്നില്ലെങ്കിൽ, പിന്നെന്തിനാണ് ബിസിനസ് ആരംഭിക്കുന്നത്? നിങ്ങൾക്ക് നിങ്ങളുടെ മക്കളെ പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെന്തിനാണ് അവർക്ക് ജന്മം നല്കിയത് ? ദൈവം നിങ്ങൾക്ക് ബുദ്ധി നൽകി ; അദ്ദേഹം നിങ്ങൾക്ക് ശരീരം തന്നു; ജീവിത പ്രവർത്തനങ്ങൾക്ക് വേണ്ടതെല്ലാം നല്കി. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം തന്നിട്ടുണ്ട്. ഇനി മത്സരിക്കാനുള്ള ഊഴമാണ്. മത്സരം ആരംഭിച്ചു, ഇനി പരിശീലകന് ഇടപെടാനാവില്ല.