cpm-party-congress

തിരുവനന്തപുരം: അടുത്ത വർഷം ഏപ്രിലിൽ നടക്കേണ്ട സി.പി.എം പാർട്ടി കോൺഗ്രസ് നീട്ടിവച്ചേക്കും. രണ്ട് കാരണങ്ങളാലാണ് പാർട്ടി കോൺഗ്രസ് നീട്ടിവയ്ക്കാൻ ആലോചിക്കുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം ഇതേ സമയത്താണ് നടക്കുക. അത്തരമൊരു ഘട്ടത്തിൽ പാർട്ടി സമ്മേളന പ്രക്രിയയിൽ പ്രവർത്തകർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാകും.ഈ സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് നീട്ടുന്ന കാര്യം പരിഗണിക്കുക. മറ്റൊന്ന് അടുത്ത ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടത്തണമെങ്കിൽ ബ്രാഞ്ച് തലം മുതൽക്കുള്ള സമ്മേളനങ്ങൾ ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കണം. കൊറോണ ഭീതി അതിന് മുമ്പ് അമർച്ച ചെയ്യാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ അതും ഒരു വെല്ലുവിളിയാണ്.

ഏപ്രിലിൽ ചേരുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗം ഈ വിഷയം ചർച്ച ചെയ്യും. പാർട്ടി സമ്മേളന തീയതി നിശ്ചയിക്കുന്നതാണ് കമ്മിറ്റിയുടെ മുഖ്യ അജണ്ട. രണ്ട് സാധ്യതകളാണ് കമ്മിറ്റി വിലയിരുത്തുക.ഒന്ന് -സമ്മേളനങ്ങൾ പൂർണ്ണമായും ഒരു വർഷത്തേക്ക് നീട്ടിവയ്ക്കുക. മുമ്പ് തിരഞ്ഞെടുപ്പ് കാലയളവിൽ ഇങ്ങനെ നീട്ടിവച്ച ചരിത്രമുണ്ട്. രണ്ട് -ഏരിയാ തലം വരെയുള്ള സമ്മേളനങ്ങൾ പതിവ് സമയത്തു തന്നെ നടത്തുകയും, ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനങ്ങളും തിരഞ്ഞെടുപ്പിനു ശേഷം നടത്താനായി നീട്ടി വയ്ക്കുകയും ചെയ്യുക.

എന്നാൽ, കൊറോണയുടെ ആശങ്കകൾ പൂർണമായും അവസാനിക്കാതെ വന്നാൽ അതും പ്രയാസമാകും. സമ്മേളന നടത്തിപ്പിനെക്കുറിച്ച് വിവിധ സംസ്ഥാന കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.എങ്കിലും കേരള ഘടകത്തിന്റെ അഭിപ്രായമാകും നിർണായകമാവുക.സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഭരണം നിലനിറുത്തുകയെന്നതിൽകവിഞ്ഞ് മറ്റൊന്നും ചിന്തിക്കാൻ തന്നെ പ്രയാസമാകുന്ന സ്ഥിതിയാണ്.ഇന്ത്യയിൽ പാർട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയിൽ സി.പി.എമ്മിൽ ഇപ്പോൾ കേരള ഘടകത്തിന്റെ അഭിപ്രായത്തിനാണ് മുൻതൂക്കം.

ജനറൽ സെക്രട്ടറിക്ക് രണ്ട് ടേം എന്ന മാനദണ്ഡപ്രകാരം സി.പി.എം. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരാനാണ് സാധ്യതയെങ്കിലും,കേരള ഘടകത്തിന്റെ നിലപാട് ഇക്കുറി നിർണായകമാകാനാണിട.എസ്.രാമചന്ദ്രൻപിള്ളയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള പ്രകാശ്കാരാട്ട് -പിണറായി പക്ഷത്തിന്റെ നീക്കത്തെ യെച്ചൂരി കഴിഞ്ഞതവണ തന്ത്രപരമായി പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കുറി ആ നിലയ്ക്കുള്ള പിന്തുണ യെച്ചൂരിക്കില്ല.ബംഗാൾ ഘടകം ദുർബലമായത് അതിനൊരു കാരണമാണ്.മാത്രമല്ല യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള ബംഗാൾ ഘടകത്തിന്റ നീക്കം പിബി തള്ളിയിരുന്നു.മത്സരം ഉണ്ടായാൽ കാര്യങ്ങൾ എളുപ്പമാകില്ലെന്നതിനാൽ യെച്ചൂരി സ്വയം പിൻമാറാനും സാധ്യതയില്ലാതില്ല.അങ്ങനെ വന്നാൽ വൃന്ദാകാരാട്ട്,എം.എ.ബേബി,നീലോത്പ്പൽ ബസു എന്നിവരുടെ പേരുകളാകും ചർച്ചചെയ്യപ്പെടുക.