റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളില്‍ 15 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ചു. തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥാപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കണം. ബാക്കിയുള്ളവര്‍ വീട്ടിലോ താമസ സ്ഥലത്തോ ഇരുന്ന് ജോലി ചെയ്യിപ്പിക്കണം. വെള്ളം, കമ്യൂണിക്കേഷന്‍, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല.
സ്ഥാപനങ്ങളില്‍ ഒരേ സമയം 40% കൂടുതല്‍ ജീവനക്കാര്‍ പാടില്ല. എന്നാല്‍ വെള്ളം, വൈദ്യുതി, കമ്യൂണിക്കേഷന്‍ എന്നീ മേഖലയിലുള്‍പ്പെടെ അനിവാര്യമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളില്‍ അമ്പതിലധികം ജീവനക്കാരുണ്ടെങ്കില്‍ ഇവിടെ നിര്‍ബന്ധമായും ചില ക്രമീകരണങ്ങള്‍ വേണം. ഓരോ ദിവസവും സ്ഥാപനത്തില്‍ ജീവനക്കാരെത്തുന്പോള്‍ ഉപകരണമുപയോഗിച്ച് താപനില നോക്കണം, ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കില്‍ ഓഫീസില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.