corona-virus

ന്യൂഡൽഹി: : ഇന്ത്യയിൽ കൊറോണയുടെ കമ്മ്യൂണിറ്റി വ്യാപനമുണ്ടായതിന് തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് . കമ്മ്യൂണിറ്റി വ്യാപനവുമായി ബന്ധപ്പെട്ട് പരിശോധിച്ച ആയിരം സാമ്പിളുകളിൽ നിന്ന് പുറത്തുവന്ന 500 ലധികവും നെഗറ്റീവാണ്. ബാക്കി ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ഐ.സി.എം.ആർ അറിയിച്ചു. തികച്ചും ആശ്വാസം പകരുന്നതാണ് റിപ്പോർട്ടുകൾ എന്ന് അധികൃതർ വ്യക്തമാക്കി.

'ഈ പഠനത്തിൽ നിന്ന് കമ്മ്യൂണിറ്റി വ്യാപനം ഉണ്ടായതായി തെളിവുകളില്ല എന്നത് ആശ്വാസകരമാണ്'- ആരോഗ്യ പഠന വകുപ്പ് സെക്രട്ടറിയും ഐ.സി‌.എം‌.ആർ ഡയറക്ടർ ജനറലുമായ പ്രൊഫ. ഡോ. ബലറാം ഭാർഗവ പറഞ്ഞു. കോവിഡ് 19 വ്യാപനം ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആർ)​ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലയ്ക്ക് ഉണ്ടാക്കുമെന്ന മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിരുന്നു.

പരിശോധനയ്ക്കായി സ്വകാര്യലാബുകൾ തയ്യാറാക്കിയിട്ടുണ്ട്. 10 ലക്ഷം പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം 72 പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വീടുകളിൽത്തന്നെ കഴിയണം. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഐ.സി.എം.ആർ അറിയിച്ചു.

ഇന്നലെ മുംബയിൽ ചികിത്സയിലിരിക്കെ 64 കാരൻ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഡൽഹിയിലും കർണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോർട്ട് ചെയ്തത്. കർണാടകത്തിലെ കലബുർഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡൽഹിയിൽ ജാനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു.