mohanan-vaidyar

തൃശൂർ: കൊറോണയടക്കം ഏത് രോഗവും ചികിത്സിക്കാമെന്നവകാശപ്പെട്ട് രംഗത്തെത്തിയ മോഹനൻ വെെദ്യരെ തടഞ്ഞുവച്ച് പൊലീസും ആരോഗ്യ വകുപ്പും. തൃശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് മോഹനന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു തടഞ്ഞുവച്ചത്. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്‍കാന്‍ എത്തിയതാണെന്നാണ് മോഹനന്‍ വൈദ്യരുടെ വാദം.

അതേസമയം,​ മോഹന്‍ വൈദ്യര്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഇദ്ദേഹത്തെ ചോദ്യം ചെയ്തു. കോവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നടപടി. രായിരത്ത് ഹെറിറ്റേജ് ആയുർ റിസോർട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുർ സെന്‍ററിൽ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനൻ വൈദ്യർ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.

മോഹനൻ വെെദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചതുൾപ്പടെ നിരവധി പരാതികളുയർന്നിരുന്നു. നരഹത്യ ഉൾപ്പടെ ചുമത്തി നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. വൈറസ് രോഗബാധകൾക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനൻ വൈദ്യരുടെ ഫേസ്ബുക്ക് പേജിലുള്ളത്.