മലയാളികളുടെ പ്രിയഗായകനാണ് സുദീപ് കുമാർ. 1998ൽ പുറത്തിറങ്ങിയ താലോലം എന്ന ചിത്രത്തിലാണ് സുദീപ് ആദ്യമായി പാടിയത്. പിന്നീടങ്ങോട്ട് കന്മദം,​ ആകാശ ഗംഗ,​ നിവേദ്യം,​ ബനാറസ്,​ ജനപ്രിയൻ, ​ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. പ്രശസ്ത ഗായിക ശ്രേയ ഘോഷലിനൊപ്പം പാടിയിട്ടുണ്ടെങ്കിലും എന്നാൽ ആദ്യമായി നേരിൽ കാണുന്നത് അവരുടെ കൂടെ രണ്ട് ഡ്യുയറ്റ് പാടിയതിന് ശേഷമാണെന്നും സുദീപ് പറയുന്നു. കൗമുദി ടി.വി "താരപ്പകിട്ടി"ലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

sudeep-kumar

"പലയാളുകൾക്കും ഇപ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടാവാറുണ്ട്. എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ നിൽക്കുമ്പോൾ ആളുകൾ ചോദിക്കും എങ്ങോട്ടാ യാത്രയെന്ന്. അപ്പോൾ റെക്കോർഡിംഗിന് പോകുകയാണെന്ന് മറുപടി പറയുമ്പോൾ​ കൂടെയുള്ള വേറാരുമില്ലേ എന്നായി മറുചോദ്യം. ഗാനമേളയ്ക്ക് പോകുന്ന പോലെയല്ലല്ലോ റെക്കോർഡിംഗിന് പോകുന്നത്. ഒരു സ്റ്റുഡിയോയിൽ എല്ലാവരും ഇരുന്ന് റെക്കോർഡ് ചെയ്യുന്ന രീതി ഇന്നില്ല. പൂർണമായിട്ടും ഇല്ലാതായി. ശ്രേയാ ഘോഷൽ എന്ന ഗായികയെ ഞാൻ ആദ്യമായിട്ട് കാണുന്നത് അവരുടെ കൂടെയുള്ള രണ്ട് ഡ്യുയറ്റുകൾ പാടിയതിന് ശേഷമാണ്.

ഒരുപാട് മാസങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്. ഇന്ന പാട്ട് പാടിയത് എന്നുള്ള രീതിയിൽ എം.ജയചന്ദ്രൻ ചേട്ടൻ പരിചയപ്പെടുത്തുകയായിരുന്നു. ശ്രേയാജിയുടെ കൂടെ മൂന്നാല് ഡ്യുയറ്റ് പാടാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പാടിയ പാട്ടുകൾ ഭാഗ്യംകൊണ്ട് ഹിറ്റാവുകയും ചെയ്തു. ഇടയ്ക്ക് ഒരമ്പലത്തിലെ ഗാനമേളയ്ക്ക് വിളിച്ച് ചോദിച്ചു. ഗാനമേളയുടെ ഒരു പ്രോഗ്രാം വേണം. അപ്പോൾ അവര് ചോദിച്ചു ഫീമെയിൽ സിംഗർ നിങ്ങളുടെ കൂടെ പാടുന്ന ആ കുട്ടി ആയിരിക്കില്ലേന്ന്. ഞാൻ ചോദിച്ചു ആരെയാ ഉദ്ദേശിച്ചതെന്ന്. ശ്രേയ ഘോഷൽ ആയിരിക്കില്ലേയെന്നായിരുന്നു അവരുടെ വിചാരം. നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ വിളിക്കാം പക്ഷെ നേരത്തെ നിശ്ചയിച്ച എമൗണ്ടിന്റെ അഞ്ചിരട്ടി കൊടുക്കേണ്ടി വരുമെന്ന് പറ‌ഞ്ഞു. അപ്പോഴാണ് അവർക്ക് കാര്യം മനസിലായത്."-സുദീപ് പറയുന്നു