sun

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗത്തിന് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്‌ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ഉണ്ടാകാൻ സാധ്യതയുളളതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.പകൽ 11 മുതൽ 4 വരെയുള്ള സമയത്ത് നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല . കോഴിക്കോട് ജില്ലയിൽ പ്രത്യേകിച്ച് നഗരമേഖകളിൽ ആളുകൾ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങൾ മുന്നറിയിപ്പ് നിലനിൽക്കുന്ന ഘട്ടത്തിൽ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല.കോഴിക്കോട് ജില്ലയിൽ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്ന കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ബൈക്ക് യാത്രികർ, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികൾ, തുടങ്ങിയർ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവിൽ കേരളത്തിൽ എല്ലായിടത്തും ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.