alert-in-tvm-airport

ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് (കൊവിഡ് - 19) അമേരിക്കയിൽ മാത്രം 22 ലക്ഷം പേരും ബ്രിട്ടനിൽ അഞ്ച് ലക്ഷത്തിലധികം പേരും മരിക്കുമെന്ന് ബ്രിട്ടീഷ് പഠന സംഘത്തിന്റെ പ്രവചനം. ലണ്ടൻ ഇംപീരിയൽ കോളേജിലെ മാത്തമാറ്റിക്കൽ ബയോളജി പ്രൊഫസർ നീൽ ഫെർഗൂസണിന്റെ സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ,​ 1918ലെ പകർച്ചപ്പനിയുമായി കൊറോണയെ താരതമ്യം ചെയ്താണ് പഠനം.

ഇത് കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ ശക്തമായ നടപടികളെടുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിൽ വലിയ സമ്മർദ്ദം ചെലുത്തിയിരിക്കയാണ്. ഇറ്റലിയും ഫ്രാൻസും സ്‌പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ബ്രിട്ടീഷ് ഗവൺമെന്റ് ഗൗരവത്തോടെ നടപടിയെടുക്കുന്നില്ല എന്ന് ആരോഗ്യവിദഗ്ദ്ധർ പരാതിപ്പെട്ടിരുന്നു.

ബ്രിട്ടനിൽ വീടുകളിലെ ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ രണ്ടര ലക്ഷത്തിലധികം പേർ മരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ്. കർശന നിയന്ത്രണങ്ങൾ ബ്രിട്ടീഷ് സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തിയേറ്ററുകളും അടച്ചിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചിരുന്നു.

കൊറോണ കാരണം സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മർദ്ദമാണ് ബ്രിട്ടന് മേലുള്ളത്. കൂടുതൽ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നതെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ഗ്ലോബൽ ഹെൽത്ത് എപ്പിഡെമിയോളജി വിദഗ്ദ്ധൻ ടിം കോൾബേൺ പറഞ്ഞു.