തിരുവനന്തപുരം: കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് കാരണം ചെന്നെെയിൽ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്‌പെഷ്യല്‍ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ എ.സി എക്‌സ്പ്രസ് (22208) മാര്‍ച്ച് 22,25,29 എപ്രില്‍ ഒന്ന് ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എസി എക്‌സ്പ്രസിന്റെ (22207) മാര്‍ച്ച് 20,24,27,31 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ മാസം 21ന് സര്‍വീസ് നടത്തേണ്ട എറണാകുളം ജംഗ്ഷന്‍-വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനും (06015) ഈ ട്രെയിനിന്റെ 22നുള്ള മടക്ക സര്‍വീസും (ട്രെയിന്‍ നമ്പര്‍-06016) പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയും ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്.
അതേസമയം, വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. 12 പേര്‍ക്ക് യു.എ.ഇയിലും അഞ്ചു പേര്‍ക്ക് ഇറ്റലിയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരെ മടക്കികൊണ്ടുവരാൻ കേന്ദ്രത്തിന് ഡബ്യൂ.എച്ച്.ഒയുടെ നിർദേശങ്ങൾ പാലിക്കണം. ബംഗളൂരുവില്‍ രണ്ടുപേര്‍ക്കും നോയിഡയില്‍ ഒരാള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.