digvijay-singh

ബംഗളൂരു : മദ്ധ്യപ്രദേശിലെ വിമത കോൺഗ്രസ് എം.എൽ.എമാരെ കാണാൻ ബംഗളുരുവിലെ ഹോട്ടലിനു മുന്നിൽ എത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുപത്തൊന്ന് വിമതർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ദിഗ്‌വിജയ് സിംഗിനെ പൊലീസ് അനുവദിച്ചില്ല.

തുടർന്ന് ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന സിംഗിനെ അറസ്റ്റ് ചെയ്ത് അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറും സ്റ്റേഷനിലെത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിംഗ് സ്റ്റേഷനിൽ നിരാഹാരം അനുഷ്ഠിച്ചു. ഇന്നലെ രാവിലെയാണ് ദിഗ്‌വിജയ് സിംഗ് ബംഗളൂരുവിലെത്തിയത്തിയത്. 'ഞാൻ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാണ്. 26നാണ് വോട്ടെടുപ്പ്. എന്റെ എം.എൽ.എമാരെ ഇവിടെ തടഞ്ഞു വച്ചിരിക്കുകയാണ്. അവർക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകൾ പിടിച്ചെടുത്തിരിക്കുകയാണ്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞ് പൊലീസ് എന്നെ അവരുമായി സംസാരിക്കാൻ അനുവദിക്കുന്നില്ല.'- ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന ദിഗ് വിജയ് സിംഗ് പറഞ്ഞു. എം.എൽ.എമാരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബംഗങ്ങൾ അറിയിച്ചിട്ടുണ്ട്. ഞാൻ അഞ്ച് എം.എൽ.എമാരുമായി നേരിട്ട് സംസാരിച്ചു. അവർ ബന്ദികളാണെന്ന് പറഞ്ഞു. എല്ലാ മുറികൾക്ക് മുന്നിലും പൊലീസ് കാവലുണ്ടെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ബി.ജെ.പി സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചു.

 'ഞങ്ങളുടെ എം.എൽ.എമാരെ കാണാനാണ് ബംഗളുരുവിൽ എത്തിയത്. എന്റെ പക്കൽ ആയുധങ്ങളൊന്നുമില്ല. ഞാനാരെയും ഭീഷണിപ്പെടുത്തിയിട്ടുമില്ല. അവരെ പരസ്യമായി കാണാനാണ് ശ്രമിച്ചത്, രഹസ്യമായല്ല. പക്ഷേ, അവരെ തടങ്കലിൽ വയ്ക്കുകയാണ് ബി.ജെ.പി. അവർ ജനാധിപത്യത്തെ വഞ്ചിക്കുകയാണ്'

-ദിഗ്‌വിജയ് സിംഗിന്റെ ട്വീറ്റ്

 മികച്ച നാടകകൃത്താണ് ദിഗ്‌വിജയ് സിംഗ്. എം.എൽ.എമാർക്ക് സിംഗിനെ കാണാൻ താത്പര്യമില്ല.

-ശിവരാജ് സിംഗ് ചൗഹാൻ,

ബി.ജെ.പി മുൻ മുഖ്യമന്ത്രി