share-market

കൊച്ചി: കൊറോണ ഭയം ബാധിച്ച ഓഹരി വിപണികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ സ്ഥിതി അല്‌പം മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും മോശമായി. സെൻസെക്‌സ് 1709 പോയിന്റിടിഞ്ഞ് 28,​869ലും (5.59 ശതമാനം)​ നിഫ്‌റ്റി 498 പോയിന്റ് (5.56 ശതമാനം)​ നഷ്‌ടവുമായി 8,​468ലുമാണ് വ്യാപാരാന്ത്യമുള്ളത്. ഇരു സൂചികകളുടെയും കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും മോശം അവസ്ഥയാണിത്.

നിക്ഷേപകർ കൂട്ടത്തോടെ കളം വിടുന്നതാണ് സൂചികകളെ തളർത്തുന്നത്. ബാങ്കിംഗ്,​ ധനകാര്യം,​ ടെലികോം ഓഹരികളിൽ കനത്ത വിറ്റഴിയൽ സമ്മർദ്ദമുണ്ടായി. കോട്ടക് മഹീന്ദ്ര ബാങ്ക്,​ ഇൻഡസ് ഇൻഡ് ബാങ്ക്,​ ബജാജ് ഫിനാൻസ്,​ ഭാരതി ഇൻഫ്രാടെൽ,​ പവർഗ്രിഡ് കോർപ്പറേഷൻ,​ എച്ച്.ഡി.എഫ്.സി ബാങ്ക്,​ എൻ.ടി.പി.സി എന്നിവയാണ് ഇന്നലെ കനത്ത നഷ്‌ടം നേരിട്ട ഓഹരികൾ.

കൊറോണ വൈറസിനെ തടയുന്നത് ഉൾപ്പെടെ നിക്ഷേപകർക്ക് ലോകത്ത് ഒരിടത്തു നിന്നും ആശ്വാസകരമായ വാർത്ത ലഭിക്കാത്തതാണ് ഓഹരികളെ നഷ്‌ടത്തിലാഴ്‌ത്തുന്നത്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നതിന് പിന്നാലെ,​ ഒരു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ചെങ്കിലും നിക്ഷേപകലോകം തൃപ്‌തരായിട്ടില്ല.

₹5.98 ലക്ഷം കോടി

ഇന്നലെ മാത്രം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 5.98 ലക്ഷം കോടി രൂപ.

₹47.03 ലക്ഷം കോടി

സെൻസെക്‌സിൽ നിന്ന് 2020ൽ ഇതുവരെ കൊഴിഞ്ഞത് 47.03 ലക്ഷം കോടി രൂപ.

113.53 ലക്ഷം കോടി

ജനുവരി 17ന് സെൻസെക്‌സിന്റെ മൂല്യം 160 ലക്ഷം കോടി രൂപയായിരുന്നു. ഇന്നലെ മൂല്യം 113.53 ലക്ഷം കോടി രൂപ.

₹74.26

രൂപയും ഇന്നലെ ദുർബലമായിരുന്നു. ഡോളറിനെതിരെ ഒരു പൈസ നഷ്‌ടവുമായി 74.26ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ഇടിവിന് പിന്നിൽ

 കൊറോണ മരണം ആഗോളതലത്തിൽ 8,​000 കടന്നു.

 കൊറോണ,​ ആഗോള സമ്പദ്മാന്ദ്യത്തിന് കരണമാകുമെന്നും ഇന്ത്യയുടെ വളർച്ച 2020ന്റെ അവസാന പാദത്തിൽ 4 ശതമാനത്തിലേക്ക് ഇടിയുമെന്നുമുള്ള മോർഗൻ സ്‌റ്രാൻലിയുടെ വിലയിരുത്തൽ.

 ഇന്ത്യയുടെ 2020ലെ വളർച്ചാ പ്രതീക്ഷ എസ് ആൻഡ് പി 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനത്തിലേക്ക് വെട്ടിത്താഴ്‌ത്തി.

 വരുമാന ഞെരുക്കം മൂലം കേന്ദ്രസർക്കാർ കൂടുതൽ ഉത്തേജ പാക്കേജ് പ്രഖ്യാപിക്കാത്തത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

 കേന്ദ്രസർക്കാരിന്റെ ആദായ നികുതി വരുമാനം നടപ്പുവർഷത്തെ ആദ്യ 11 മാസക്കാലയളവിൽ 3.5 ശതമാനം ഇടിഞ്ഞു.

ക്രൂഡോയിൽ

വില 25 ഡോളറിൽ

കൊച്ചി: കൊറോണ ഭീതിമൂലം സാമ്പത്തിക ഇടപാടുകൾ നിലച്ചതിനെ തുടർന്ന്,​ ഡിമാൻഡ് ഇല്ലാതായത് ക്രൂഡോയിൽ വിലയെ ഇന്നലെ 17-വർഷത്തെ താഴ്‌ചയിലെത്തിച്ചു. യു.എസ് ക്രൂഡ് വില ബാരലിന് 2.33 ഡോളർ നഷ്‌ടവുമായി 25 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 29.14 ഡോളർ. ഇടിവ് 1.27 ഡോളർ.

കൊറോണ ഭീതി അയഞ്ഞില്ലെങ്കിൽ ഈമാസം അവസാനത്തോടെ ആഗോള ഡിമാൻഡിൽ പ്രതിദിനം 80 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ ഇതു ബ്രെന്റ് വിലയെ 20 ഡോളറിലേക്കും യു.എസ് ക്രൂഡ് വിലയെ 15-20 ഡോളറിലേക്കും താഴ്‌ത്തിയേക്കും. കഴിഞ്ഞ രണ്ടു പതിറ്രാണ്ടിലെ ഏറ്റവും കുറഞ്ഞ വിലയായിരിക്കും അത്.

വില മാറാതെ

പെട്രോൾ,​ ഡീസൽ

രാജ്യാന്തര ക്രൂഡോയിൽ വില ഇടിഞ്ഞെങ്കിലും രണ്ടു ദിവസമായി ഇന്ത്യയിൽ പെട്രോൾ,​ ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമാണ് ഇന്നലെ (തിരുവനന്തപുരം)​ വില.

തിരിച്ചുകയറി

സ്വർണവില

ചൊവ്വാഴ്‌ച 1,​000 രൂപയുടെ ഇടിവ് കുറിച്ച പവൻ വില ഇന്നലെ നേട്ടത്തിലേക്ക് തിരിച്ചുകയറി. 480 രൂപ വർദ്ധിച്ച് 30,​080 രൂപയാണ് ഇന്നലെ വില. ഗ്രാമിന് 60 രൂപ ഉയർന്ന് വില 3,​760 രൂപയായി. രാജ്യാന്തര വില ഔൺസിന് 1,​483 ഡോളറിൽ നിന്ന് 1,​500 ഡോളറിനുമേലേക്ക് ഉയർന്നും രൂപ ദുർബലമായി തുടരുന്നതുമണ് വില കൂടാൻ കാരണം.