car
കിണറ്റിലേക്കു മറിഞ്ഞ കാർ പുറത്തെത്തിക്കുന്നു

കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട് പൊട്ടക്കിണറ്റിൽ കുത്തനെ വീണ കാറിൽ മനസാന്നിദ്ധ്യം കൈവിടാതെ പ്രവർത്തിച്ച വീട്ടമ്മ തന്റെയും ഡ്രൈവറുടെയും ജീവൻ രക്ഷിച്ചു. കാഞ്ഞങ്ങാട് കോടോത്തെ മുരളീധരന്റെ ഭാര്യ നാരായണി(46)​യാണ് ജീവിതത്തിനും മരണത്തിനുമിടയിൽ കുരുങ്ങിനിന്നപ്പോഴും ധൈര്യം കൈവിടാതെ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ച് പെടുന്നനെ രക്ഷാപ്രവർത്തനത്തിനുള്ള അവസരമൊരുക്കിയത്.

കാഞ്ഞങ്ങാട് -പാണത്തൂർ അന്തർസംസ്ഥാന പാതയിൽ ഓടയംഞ്ചാൽ കോടോത്ത് ഓലക്കര വളവിലാണ് ഇന്നലെ രാവിലെ 10 മണിയോടെ കാർ പൊട്ടക്കിണറ്റിലേക്കു മറിഞ്ഞത്. കോടോത്തെ ജനാർദ്ദനൻ ആശാരി(54)​യാണ് കാർ ഓടിച്ചിരുന്നത്. മാർക്കറ്റിലേക്കു പോകുകയായിരുന്ന വീട്ടമ്മ സമീപവാസിയായ ഇയാളുടെ കാറിൽ വഴിമദ്ധ്യേ കയറുകയായിരുന്നു. കാർ അപകടത്തിൽപ്പെട്ടത് അറിഞ്ഞ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കിണറിന്റെ അടിത്തട്ടിലേക്ക് പുറമേ നിന്നുള്ള തുരങ്കത്തിന്റെ സാദ്ധ്യത മനസിലാക്കിയ നാട്ടുകാരിൽ ചിലർ നൂഴ്ന്നുകയറി കാറിന്റെ ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുത്തു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു. ഫയർമാൻ സണ്ണി ഇമ്മാനുവൽ തുരങ്കംവഴി ഇറങ്ങി കൂടുതൽ പേർ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി.

നാരായണിക്കും ജനാർദ്ദനൻ ആശാരിക്കും സാരമായി പരിക്കേറ്റു. തലയ്ക്കാണ് ഇരുവർക്കും പരിക്ക്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.