corona

തിരുവനന്തപുരം: അടുത്ത രണ്ടാഴ്ച കൊറോണയുടെ സാമൂഹ്യ വ്യാപനം ഉണ്ടാകാമെന്ന മുന്നറിയിപ്പ് കേരളത്തിന് വെല്ലുവിളിയാണ്. നിലവിൽ വിദേശത്ത് നിന്നെത്തിയവർക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കും മാത്രമാണ് രോഗമോ രോഗലക്ഷണമോ ഉള്ളത്. അടുത്തഘട്ടത്തിൽ അങ്ങനെയാവില്ല - രോഗം ബാധിക്കുന്നവർ വിദേശയാത്ര നടത്തിയവരോ വിദേശത്തു നിന്നെത്തിയവരുമായി സമ്പർക്കമുള്ളവരോ ആകില്ല. പ്രാദേശികമായി രോഗം പടർന്നു പിടിക്കുന്ന ഗൗരവമേറിയ സാഹചര്യമാണതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മൊളിക്യുലാർ വൈറോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ.ഇ.ശ്രീകുമാർ പറഞ്ഞു. രോഗലക്ഷണമില്ലാത്തവരും വൈറസ് പരത്തും. സമ്പർക്ക പട്ടിക തയ്യാറാക്കിയോ റൂട്ട് മാപ്പുണ്ടാക്കിയോ ഈ ഘട്ടത്തിൽ പ്രതിരോധം സാദ്ധ്യമാവില്ല.

സാമൂഹ്യവ്യാപനം തടയാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ ഇതുവരെ നടത്തിയത്. രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും നിരീക്ഷണത്തിലും ഐസൊലേഷനിലുമാക്കി നടത്തിയ ശ്രമങ്ങൾ വിജയിച്ചോ എന്ന് ഇനിവേണം അറിയാൻ. സാമൂഹ്യവ്യാപനം ഇല്ല എന്ന് ഉറപ്പുവരുത്തുന്നതും ശ്രമകരമാണ്. ഇതിനായി ജനങ്ങളെ പരിഭ്രാന്തരാക്കാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറാക്കുന്നത്.

ലക്ഷങ്ങളെ ക്വാറന്റൈൻ ചെയ്യണം

ഏറ്റവും കൂടുതൽ രോഗികളോ രോഗലക്ഷണമുള്ളവരോ ഉള്ള പഞ്ചായത്തുകൾ തന്നെ ക്വാറന്റൈൻ ചെയ്യേണ്ടി വരും.

ലക്ഷക്കണക്കിനാളുകളെ ഒരേ സമയം നിരീക്ഷണത്തിലാക്കണം.

ഒരു വീട്ടിലെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യുക പോലും ശ്രമകരമായിരിക്കെ, ഇത് വലിയ ദൗത്യമാണ്.

ചെറിയ യൂണിറ്റുകളാക്കി ക്വാറന്റൈൻ ചെയ്യുകയാണ് എളുപ്പം.

കൊറോണ ബാധിച്ച ഒരിടത്തും ഇത് വിജയകരമായി നടത്താനായിട്ടില്ല.

സാമൂഹ്യ വ്യാപനമുണ്ടായാൽ കാര്യങ്ങൾ എളുപ്പം നിയന്ത്രിക്കാനാവില്ല.

സർക്കാർ ചെയ്യേണ്ടത്

കൂടുതൽ ആളുകൾക്ക് ചികിത്സാ, നിരീക്ഷണ സൗകര്യമൊരുക്കുകയാണ് വലിയ വെല്ലുവിളി.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ആശുപത്രികളൊന്നാകെ ഐസൊലേഷൻ വാർഡുകളും മുറികളുമാക്കി മാറ്റണം. രോഗനിർണയത്തിന് കൂടുതൽ ലാബുകളിൽ പരിശോധന ഏർപ്പെടുത്തും.

സ്വകാര്യ ലാബുകളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കും.

രോഗികൾക്കുള്ള മരുന്നുകൾ എത്തിക്കണം.

ഇവരെ പരിശോധിക്കാനും പരിചരിക്കാനും ആരോഗ്യ, സന്നദ്ധ പ്രവർത്തകരെയും ഡോക്ടർമാരെയും സജ്ജരാക്കണം.

ഇവർക്കെല്ലാമുള്ള സുരക്ഷാ ഉപകരണങ്ങളെത്തിക്കണം.

രോഗീപരിചരണത്തിന് ശാസ്ത്രീയ പരിശീലനം നൽകണം.

മുന്നറിയിപ്പ്

സാമൂഹ്യ വ്യാപനമുണ്ടാകുന്ന മൂന്നാം ഘട്ടത്തിലാണ് കൊറോണ വൈറസെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകി. ഈ ഘട്ടം നേരിടാൻ നിലവിലെ പ്രതിരോധം മതിയാവില്ല.