കൊൽക്കത്ത : വി.ഐ.പി എന്ന കാരണം പറഞ്ഞ് ആർക്കും കൊറോണ പരിശോധനയിൽ നിന്ന് ഒഴിയാനാവില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിയുടെ 18കാരനായ മകന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മമതയുടെ പ്രസ്താവന. ഐ.എ.എസ് ഓഫീസറുടെ ബ്രിട്ടനിൽ നിന്ന് മടങ്ങിവന്ന മകന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ കൊറോണ കേസാണിത്. നിരുത്തരവാദപരായ സമീപനമാണ് ഇവരിൽ നിന്നുണ്ടായതെന്ന് മമത വ്യക്തമാക്കി.
ഞായറാഴ്ചയാണ് യുവാവ് ബ്രിട്ടനിൽ നിന്ന് തിരികെയെത്തിയത്. കൊറോണ സ്ഥിരീകരിക്കുന്നതിന് മുൻപ് വീട്ടുകാരുൾപ്പെടെ നിരവധി പേരുമായി ബന്ധപ്പെട്ടിരുന്നു, യുവാവിന്റെ അമ്മയായ ഐ.എ.എസ് ഓഫീസർ ബംഗാൾ സെക്രട്ടേറിയറ്റിൽ ജോലിക്കും എത്തിയിരുന്നു. ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്ന ബിൽഡിംഗിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും. ഐ.എ.എസ് ഓഫീസർ സെക്രട്ടേറിയറ്റിൽ നടന്ന വിവിധ മീറ്റിംഗുകളിൽ പങ്കെടുത്തതായും വിവരമുണ്ട്. ഇവരുടെ ഭർത്താവ് ഡോക്ടറും കൂടിയാണ്.
നിങ്ങൾ വി.ഐ.പി ആണെന്നത് കൊറോണ പരിശോധനയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതിന് ഒരുകാരണമല്ല. വിദേശത്ത് നിന്ന് വരുന്നവരെ സ്വാഗതം ചെയ്യുന്നു. എന്നാൽ രോഗത്തെയല്ല. വിദേശത്ത് നിന്ന് വന്ന ശേഷം പരിശോധനകൾ ഒന്നും നടത്താതെ ഷോപ്പിംഗ് മാളുകളിൽ പോകാനാവില്ല. അങ്ങനെ വരുമ്പോൾ അഞ്ഞൂറോളം പേരെ അത് ബാധിക്കും. എന്റെ കുടുംബത്തിലെ ഒരാൾക്ക് സ്വാധീനമുണ്ടെന്ന് കരുതി ഞാൻ പരിശോധന നടത്തില്ല എന്ന മനോഭാവത്തെ ഒരിക്കലും പിന്തുണയ്ക്കാനാവില്ലെന്നും മമത പറഞ്ഞു.