bankers-meet-

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് ഒരു വർഷത്തെക്ക് മൊറട്ടേറിയം നൽകാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ശുപാർശ ചെയ്തു. ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവർക്ക് ഇളവ് അനുവദിക്കാനാണ് ബാങ്കേഴ്‌സ് സമിതി യോഗം ശുപാർശ ചെയ്തത്.

കൊറോണയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ഇതിന് തത്വത്തിൽ അംഗീകാരവും നല്‍കിയിരുന്നു. തുടർന്ന് ഇന്ന് ചേർന്ന സബ്കമ്മിറ്റി യോഗമാണ് വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയത്.

തിരിച്ചടവ് ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. പലിശ അധികമായി നൽകേണ്ടി വരും. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് വായ്പ അനുവദിക്കാനും യോഗത്തിൽതീരുമാനമായി. കൊറോണയെത്തുടർന്ന് വരുമാനം നഷ്ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങാനാണ് വായ്പ അനുവദിക്കുക. 10000 രൂപ മുതൽ 25,000 രൂപ വരെ വായ്പ അനുവദിക്കാനാണ് യോഗത്തിൽ തീരുമാനമായത്.