വെല്ലിംഗ്ടൺ: ഗർഭച്ഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ബില്ല് ന്യൂസിലൻഡ് പാസാക്കി. 51ന് എതിരെ 68 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. രാജ്യത്ത് ഗർഭച്ഛിദ്രം സംബന്ധിച്ച നിയമങ്ങളിൽ വലിയ രീതിയിലുള്ള മാറ്റം വരുത്തുന്നതാണ് തീരുമാനം. നേരത്തെ ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമായി പരിഗണിച്ചിരുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പ്രതികരിച്ചിരുന്നു.
ആദ്യ 20 ആഴ്ചകളിൽ ഗർഭച്ഛിദ്രമെന്ന ആവശ്യവുമായി ആശുപത്രികളെ സമീപിക്കാൻ ഉതകുന്നതാണ് നീക്കം. പാസായ ബില്ലിന് ഗവർണർ ജനറൽ അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിലാകും. 20 ആഴ്ചകൾക്ക് ശേഷം ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ സഹായത്തോടെ ഗർഭച്ഛിദ്രം നടത്താനുള്ള അനുമതിക്കും ബില്ലിൽ നിർദ്ദേശമുണ്ട്. സ്വന്തം ഗർഭത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. അതിനാലാണ് ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തുന്നതെന്നാണ് ബില്ലിനെ പിന്തുണച്ച അംഗങ്ങൾ പ്രതികരിച്ചത്.