vava-suresh

വാവ സുരേഷ് എന്ന പേര് ഇന്ന് കേരളക്കരയ്‌ക്ക് മനപാഠമാണ്. വീട്ടിലോ പറമ്പിലോ പാമ്പിനെയോ മറ്റ് ഇഴജീവികളെയോ കണ്ടുകഴിഞ്ഞാൽ മലയാളികൾ ആദ്യം ഓർക്കുന്ന പേരും വാവയുടെത് തന്നെ. പതിനഞ്ചാമത്തെ വയസിൽ കൈകൊണ്ടും ഈർക്കിലു കൊണ്ടും ചെറിയ പാമ്പുകളെ പിടിച്ചു തുടങ്ങിയ വാവ സുരേഷ് ഇതുവരെ 184ൽ അധികം രാജവെമ്പാലകളെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കഴിഞ്ഞു. പാമ്പിനെ മാത്രമല്ല, മരപ്പട്ടിയും കാട്ടുപൂച്ചയും നീർനായും മുള്ളൻ പന്നിയുംഉൾപ്പെടെ നൂറുകണക്കിന് മൃഗങ്ങളെ രക്ഷിച്ച് സുരക്ഷിതമായി കാട്ടിൽകൊണ്ടു ചെന്നുവിട്ടു.

ഇത്രയധികം അപകടകാരികളായ പാമ്പുകളെ പിടിച്ച അനുഭവത്തിൽ ലോകത്തിലെ ഏറ്റവും മാരകവിഷമുള്ള ജീവിയേത് എന്ന ചോദ്യത്തിന് വാവ സുരേഷ് നൽകിയ ഉത്തരം ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കൗതുകകരമായ ആ ഉത്തരം.

'ചില മനുഷ്യരുടെ നാക്ക്. അതിനോളം വിഷം വേറൊരു ജീവിക്കും ഇല്ല. വാക്കിൽ വിഷം പുരട്ടരുത് ആരും ആർക്കുനേരെയും. ഏറ്റവുമൊടുവിൽ കേട്ട ആരോപണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സുരേഷ് പാമ്പിൻ വിഷം വിൽക്കുന്ന മാഫിയയുടെ കണ്ണിയാണെന്നായിരുന്ന തരത്തിലായിരുന്നു പ്രചരണം. ആ കഥ സോഷ്യൽ മീഡിയയിലാകെ പടർന്നു. വിമർശനവുമായി നിരവധി പേരെത്തി. ആ ആരോപണം ഒരുപാട് തളർത്തി. പാമ്പു പിടിത്തം അവസാനിപ്പാക്കാമെന്ന് തീരുമാനമെടുത്തു. പക്ഷേ എന്നെ ഇഷ്‌ടപ്പെടുന്ന ജനങ്ങളുടെ സ്‌നേഹത്തിനും നിർബന്ധത്തിനും വഴങ്ങി തിരിച്ചെത്തി. പ്രതിഫലം പ്രതീക്ഷിച്ചല് പ്രവർത്തിക്കുന്നത്. ഇന്നുവരെ ആരോടും ഒന്നും ചോദിച്ചിട്ടില്ല. സ്‌നേഹത്തോടെ ആരെങ്കിലും എന്തെങ്കിലും തന്നാൽ മാത്രം വാങ്ങും. തന്നില്ലെങ്കിലും പരാതിയില്ല- വാവ സുരേഷ് പറയുന്നു.