തിരുവനന്തപുരം : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കാത്തിനെതിരെ വൻവിമർശനമാണ് ഉയർന്നത്. വില കുറയ്ക്കാത്തതിന് പുറമേ കൂട്ടുകയും ചെയ്തപ്പോൾ പ്രതിഷേധം ഇരട്ടിച്ചു. എന്നാൽ ഇന്ധന വില കുറയ്ക്കാത്തതിന് മോദി സർക്കാരിനെ വിമർശിച്ചവർക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി.
വിമർശനങ്ങൾക്ക് പിന്നിൽ ബോധപൂർവ്വമായ അജണ്ടകൾ ഉണ്ടെന്നാണ് സംശയമെന്ന് ബി.ഗോപാലകൃഷ്ണൻ പറയുന്നു. ഉ മോദി കൊള്ളയടിക്കുന്നുവെന്നാണ് വിമർശകരുടെ കുറ്റപ്പെടുത്തല്‍. മോദി കൊള്ളയടിക്കുന്നുവെന്ന് പറയുമ്പോൾ സർക്കാരും ജനങ്ങളും രണ്ടാണോ? മോദി സ്വന്തം സമ്പാദിക്കുന്നുണ്ടോ? ഇതൊന്നും വിശദമാക്കാതെ ജനങ്ങൾക്കിടയില്‍ ആശങ്കയും വിദ്വേഷവും ഉണ്ടാക്കുവാനാണ് ചിലർ ശ്രമിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതനുസരിച്ച് ഉപഭോക്താവിന് വില കുറച്ച് ഇന്ധനം നൽകാൻ ലോകരാജ്യങ്ങൾഇതുവരെ തയ്യാറായിട്ടില്ല. ആഗോളതലത്തിൽ ഓഹരി വിപണി 20ശതമാനം നഷ്ടമാണ് കഴിഞ്ഞ രണ്ടാഴ്ച മാത്രം രേഖപ്പെടുത്തിയത്.
ഇത്തരമൊരു സാഹചര്യത്തിൽ ആഗോള പ്രതിസന്ധി മുൻകൂട്ടി കണ്ട് സാമ്പത്തിക ഭദ്രതയോടെ ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് മോദി സർക്കാര്‍ ചെയ്യുന്നത്. നിലവിലുള്ള ഇന്ധനവില കൂടിയിട്ടില്ലെന്ന് മാത്രമല്ല വർദ്ധിച്ച എക്സൈസ് തീരുവ ഖജനാവിൽ കരുതൽ നിക്ഷേപമായി ശേഖരിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
സാമ്പത്തിക അടിയന്തരാവസ്ഥ ലോകത്ത് ഉണ്ടായാല്‍ രാജ്യത്ത് അരാജകത്വവും ക്ഷമാമവും പടരുന്ന സ്ഥിതിയാവും. ട്രഷറികളും ബാങ്കുകളും പൂട്ടുന്ന സ്ഥിതിയിലേക്ക് രാജ്യം എത്തിയാൽ ഇപ്പോൾ വിമർശിക്കുന്നവർ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് എന്ന് ചിന്തിക്കേണ്ടതില്ല. സർക്കാരിനെ പാപ്പരാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരയിൽ പോകേണ്ടതില്ല.
ക്രൂഡ് ഓയിൽ വില കുറയുന്നതിനനുസരിച്ച് ഇന്ധന വില കുറയ്ക്കുമ്പോൾ ഉപഭോഗം കൂടുകയും ഡോളറിന് നേട്ടവും രൂപയ്ക്ക് നഷ്ടവുമാണ് സംഭവിക്കുക. യു.പി.എ ഭരിച്ച കാലത്ത് നിലവിലുണ്ടായിരുന്ന ഇന്ധനവില തന്നെയാണ് ഇപ്പോഴും ഉപഭോക്താവ് നല്‍കേണ്ടി വരുന്നത്. ഇന്ധനവില ഒരേപോലെ നില്‍ക്കുമ്പോഴും പണപ്പെരുപ്പം കുറച്ച് മൊത്തവില കുറയുന്ന സാമ്പത്തിക നേട്ടമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.