
60 വയസിനു മുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ അടുത്തേക്ക് ഒരു കാരണവശാലും ചെല്ലുകയോ അവരെ തൊടുകയോ ചെയ്യരുതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇറ്റലിയിലും ചൈനയിലും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായിട്ടുള്ളത് പ്രായമുള്ള ആളുകൾക്കാണ്. അതീവ ജാഗ്രതയാണ് അവരുടെ കാര്യത്തിൽ ചെലുത്തേണ്ടത്. ഒരുപാട് അംഗങ്ങളുള്ള വീടുകളാണെങ്കിൽ പ്രായമായ രോഗബാധിതരെ പ്രത്യേകം മാറ്റി താമസിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിലായിരുന്നു മന്ത്രിയുടെ വാക്കുകൾ.
'ഇറ്റലിയിലും ചൈനയിലും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായിട്ടുള്ളത് പ്രായമുള്ള ആളുകൾക്കാണ്. ക്വാറന്റൈൻ ചെയ്യാൻ വീട്ടിലേക്ക് അയക്കുമ്പോൾ തന്നെ അഡ്‌വൈസും കൊടുത്താണ് അയക്കുന്നത്. വീട്ടിൽ ഒരു പ്രത്യേക മുറിയിൽ താമസിക്കണം. ഒരു മുറിയെ ഉള്ളുവെങ്കിൽ പോലും എന്തെങ്കിലും വച്ച് മറച്ച് താൽകാലികമായ ഒരു സംവിധാനം ഉണ്ടാക്കണം. എന്നുകരുതി ഒരു തികഞ്ഞ രോഗിയായി അവഗണിക്കരുത്. ഭക്ഷണം എത്തിക്കുന്നവർ മാസ്‌ക് ധരിച്ച് മുൻകരുതലുകൾ എടുക്കണം. ഉപയോഗിക്കുന്ന പാത്രങ്ങൾ സോപ്പുപയോഗിച്ച് നന്നായിട്ട് കഴുകണം. വസ്‌ത്രങ്ങളും സമാനരീതിയിൽ നന്നായി കഴുകണം.
ഇപ്പോൾ പ്രത്യേകിച്ച് പറയുന്നത്, 60 വയസിനു മുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ അടുത്തേക്ക് ഒരു കാരണവശാലും ചെല്ലുകയോ അവരെ തൊടുകയോ ചെയ്യരുത്. അതീവ ജാഗ്രതയാണ് അവരുടെ കാര്യത്തിൽ ചെലുത്തേണ്ടത്. ഒരുപാട് അംഗങ്ങളുള്ള വീടുകളാണെങ്കിൽ പ്രായമായ രോഗബാധിതരെ പ്രത്യേകം മാറ്റി താമസിപ്പിക്കുകയാണ് ചെയ്യേണ്ടത്'.